ശ്രീനഗർ: ജമ്മുകശ്മീരിലെ ബാന്ദിപോർ ജില്ലയിൽ തിങ്കളാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന വധിച്ചവരിലൊരാൾ ലഷ്കറെ തൊയ്ബ കമാൻഡറെന്ന് റിപ്പോർട്ട്. തൽഹാ എന്നുവിളിക്കപ്പെടുന്ന പാകിസ്താൻ സ്വദേശിയാണ് കൊല്ലപ്പെട്ട ഭീകരരിലൊരാളെന്ന് സ്ഥിരീകരിച്ചതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു. മറ്റൊരാളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ബാന്ദിപോർ മേഖലയിലെ ലഷ്കർ കമാൻഡറായി പ്രവർത്തിച്ചിരുന്ന തൽഹ ഇവിടത്തെ പല ഭീകരാക്രമണങ്ങളുടെയും സൂത്രധാരനാണ്. ഇയാൾക്കെതിരേ ഒട്ടേറെ ഭീകരവാദക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മൃതദേഹങ്ങൾക്കടുത്തുനിന്നും പാക് നിർമിത ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഞായറാഴ്ച സുരക്ഷാസേന നടത്തിയ തിരച്ചിലിനിടെ തുടങ്ങിയ ഏറ്റുമുട്ടലിലാണ് രണ്ടു ഭീകരർ കൊല്ലപ്പെട്ടത്.
Content Highlights: Jammu and Kashmir encounter