ന്യൂഡൽഹി: ജമ്മുവിലെ നാഗ്രോട്ടയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റം അന്വേഷിക്കുന്ന ബി.എസ്.എഫ്. സംഘം അവർ വന്ന തുരങ്കത്തിലൂടെ പാകിസ്താൻ ഭൂപ്രദേശത്ത് സഞ്ചരിച്ചത് 200 മീറ്റർ. പുതുതായി നിർമിച്ചതെന്ന് കരുതുന്ന തുരങ്കത്തിന്റെ പ്രവേശന ദ്വാരം പാകിസ്താനിലാണ്. ഇതു വഴി ഇന്ത്യയിലെത്തിയ നാല് ജയ്ഷെ മുഹമ്മദ് ഭീകരരാണ് നവംബർ 19-ന് സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
രഹസ്യവിഭാഗത്തിന്റെ സഹായത്തോടെ ഇത്രയുംദൂരം സഞ്ചരിച്ച ബി.എസ്.എഫ്. സംഘം പാകിസ്താന്റെ ഭാഗത്തെത്തി പ്രവേശന സ്ഥലവും ചിത്രീകരിച്ചശേഷം പെട്ടെന്നുതന്നെ ഇന്ത്യൻ ഭാഗത്തേക്ക് മടങ്ങി. ചക് ഭുര, രാജാബ് സാഹിദ്, ആസിഫ് സാഹിദ് എന്നിവയാണ് തുരങ്കത്തിനടുത്തുള്ള പാകിസ്താൻ പോസ്റ്റുകൾ. തുരങ്കത്തിന്റെ പുറത്തേക്കുള്ള കവാടത്തിൽ അടുക്കിയ മണൽ ചാക്കുകൾ കറാച്ചിയിൽ നിന്നുള്ളതാണെന്ന് അന്വേഷണസംഘം നേരത്തേ മനസ്സിലാക്കിയിരുന്നു. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു നിയന്ത്രണരേഖയ്ക്കടുത്തുള്ള തുരങ്കനിർമാണമെന്ന് സേനാവൃത്തങ്ങൾ അറിയിച്ചു. ബി.എസ്.എഫ്., കശ്മീർ പോലീസ്, രഹസ്യാന്വേഷണ ഏജൻസികൾ എന്നിവരുടെ ഏകോപന പ്രവർത്തനത്തിലൂടെയാണ് തുരങ്കം കണ്ടെത്തിയത്.
പാക് വിദ്വേഷത്തിന്റെ തെളിവെന്ന് കേന്ദ്രമന്ത്രി
അതിർത്തിയിൽ തുരങ്കം നിർമിക്കുന്നതും ഡ്രോൺ ആക്രമണം നടത്തുന്നതും പാകിസ്താന് ഇന്ത്യയോടുള്ള ഒടുങ്ങാത്ത ശത്രുതയുടെ തെളിവാണെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്. ബി.എസ്.എഫിന്റെ 56-ാം സ്ഥാപകദിനത്തിൽ സേനാംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
Content Highlights: Jammu and Kashmir BSF