ജമ്മു: ജമ്മുവിലെ തിരക്കേറിയ ജനറൽ ബസ്‌സ്റ്റാൻഡിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉത്തരാഖണ്ഡിലെ ഹർദിവാർ സ്വദേശി മുഹമ്മദ് ഷരീക് (17) ആണ് മരിച്ചത്. നിർത്തിയിട്ട ബസുകളിലൊന്നിന്റെ അടിയിലേക്ക് ഭീകരൻ ഗ്രനേഡ് വലിച്ചെറിയുകയായിരുന്നു. രാവിലെ 11.30-ഓടെയായിരുന്നു സംഭവം.
ഗ്രനേഡ് വലിച്ചെറിഞ്ഞ ഹിസ്ബുൾ മുജാഹിദ്ദീൻ പ്രവർത്തകനെ അറസ്റ്റുചെയ്തതായി പോലീസ് അറിയിച്ചു. ഇയാൾ കുറ്റം സമ്മതിച്ചെന്നും കുൽഗാമിൽനിന്ന് വ്യാഴാഴ്ച രാവിലെയാണിയാൾ ജമ്മുവിലെത്തിയതെന്നും പോലീസ് പറഞ്ഞു. സി.സി.ടി.വി. ദൃശ്യങ്ങൾ നോക്കിയാണ് അക്രമിയെ തിരിച്ചറിഞ്ഞത്.
ഉത്തരാഖണ്ഡിലേക്ക് പോകാനിരുന്ന ബസിലാണ് സ്ഫോടനമുണ്ടായതെന്ന് ഐ.ജി. മനിഷ് കുമാർ സിൻഹ പറഞ്ഞു. തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന അമൃത്‌സർ ബസിലെ യാത്രക്കാർക്കാർക്കാണ് പരിക്കേറ്റത്. നെഞ്ചിലേറ്റ ഗുരുതര പരിക്കാണ് ഷരീക്കിന്റെ മരണത്തിന് കാരണമായത്. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്. ഇതിൽ ഭൂരിഭാഗവും ഡ്രൈവർമാരും കണ്ടക്ടർമാരുമാണ്. ഇവരിൽ 11 പേർ കശ്മീരികളും രണ്ടുപേർ ബിഹാറിൽനിന്നുള്ളവരും ഛത്തീസ്ഗഢ്, ഹരിയാണ എന്നിവിടങ്ങളിൽനിന്നുള്ള ഓരോരുത്തരും ഉൾപ്പെടും.
2018 മേയ്‌ക്കുശേഷം ജമ്മു ജനറൽ ബസ്‍സ്റ്റാൻഡിലുണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്. സ്ഫോടനത്തെത്തുടർന്ന് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി.
Content Highlights: Jammu and Kashmir, Blast, Bus Stand