ന്യൂഡൽഹി: കോവിഡ്കാല അടച്ചിരുപ്പില്‍ ലൈറ്റ് ഓഫ് ഏഷ്യ പകര്‍ന്ന ബുദ്ധചരിതത്തിന്റെ ആഴങ്ങളുമായി കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ ജയറാം രമേഷ്. ശ്രീബുദ്ധന്റെ ജീവിതവും തത്വചിന്തകളും പ്രമേയമാക്കി ഇംഗ്ലീഷ് കവിയും പത്രപ്രവര്‍ത്തകനുമായിരുന്ന എഡ്വിന്‍ ആര്‍നോള്‍ഡ് 1879-ല്‍ എഴുതിയ ലൈറ്റ് ഓഫ് ഏഷ്യ എന്ന വിഖ്യാത കാവ്യരചനയക്ക് ഇന്ത്യയിലുള്ള സ്വാധീനം തേടി നടത്തിയ ജയറാം രമേഷിന്റെ യാത്ര പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയിരിക്കുന്നു. ദ ലൈറ്റ് ഓഫ് ഏഷ്യ: ദ പോയം ദാറ്റ് ഡിഫൈന്‍ഡ് ദ ബുദ്ധ എന്ന പുസ്തകത്തില്‍ ആര്‍നോള്‍ഡിന്റെ കാവ്യസമാഹാരത്തിന്റെ മലയാള ഭാഷ്യങ്ങളെക്കുറിച്ചും വിശദമായി പരാമര്‍ശിക്കുന്നു.

കഴിഞ്ഞ 20 വര്‍ഷമായി ജയറാം രമേഷ് നടത്തിയ ഗവേഷണത്തിന്റെ പുസ്തകരൂപമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേന്ദ്ര പ്രതിരോധമന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോന്റെ ജീവചരിത്ര പുസ്തകത്തിന് ശേഷം പുറത്തിറങ്ങുന്ന പുതിയ രചനയില്‍ ഇന്ത്യന്‍ സംസ്‌കാരത്തെയും സാഹിത്യത്തെയും ലൈറ്റ് ഓഫ് ഏഷ്യ സ്വാധീനിച്ചതെങ്ങനെയെന്ന് വിശദീകരിക്കുന്നു. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും ചെലുത്തിയ സ്വാധീനം ഭാഷാടിസ്ഥാനത്തില്‍ പരിശോധിച്ചിട്ടുണ്ട്.

നാലപ്പാട്ട് നാരായണ മേനോന്‍, മഹാകവി കുമാരനാശാന്‍ തുടങ്ങിയവരുടെ ലൈറ്റ് ഓഫ് ഏഷ്യ പരിഭാഷകളെ പരിചയപ്പെടുത്തിക്കൊണ്ടാണ്  ജയറാം രമേഷ് ദക്ഷിണേന്ത്യയിലെ സ്വാധീനത്തെക്കുറിച്ച് പഠനം ആരംഭിക്കുന്നത്. 1914-ല്‍ നാലപ്പാട്ട് നാരായണ മേനോനാണ് ലൈറ്റ് ഓഫ് ഏഷ്യക്ക് പൗരസ്ത്യദീപം എന്ന പേരില്‍ സമ്പൂര്‍ണ പരിഭാഷ ആദ്യമായി പുറത്തിറക്കിയതെങ്കിലും അതിന് മുമ്പ് തന്നെ മൊഴിമാറ്റത്തിനുള്ള ശ്രമങ്ങള്‍ മലയാളത്തില്‍ നടന്നിരുന്നുവെന്ന് ജയറാമിലെ ഗവേഷകന്‍ പറയുന്നു. ബഹുഭാഷാ പണ്ഡിതയായിരുന്ന ടി.അമ്മാളു അമ്മ 1912 ല്‍ ബുദ്ധചരിതം എന്ന പുസ്തകം തയ്യാറാക്കിയത് ലൈറ്റ് ഓഫ് ഏഷ്യയെ അടിസ്ഥാനമാക്കിയായിരുന്നു.

ബുദ്ധന്റെ നിര്‍വാണത്തെക്കുറിച്ച് ആര്‍നോള്‍ഡിന്റെ രചനയിലെ വിവരണത്തില്‍ തൃപ്തയാകാതെ അമ്മാളു അമ്മ മറ്റ് പുസ്തകങ്ങളും പരിശോധിച്ചിരുന്നു. എന്നാല്‍ നാലപ്പാട്ടിന്റെ പരിഭാഷയാണ് സമ്പൂര്‍ണമെന്ന നിലയില്‍ ചരിത്രം രേഖപ്പെടുത്തുന്നത്.
സംസ്‌കൃതത്തില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന നാലപ്പാട്ട് നാരായണമേനോന്‍ ആ ഭാഷയില്‍നിന്ന് ബുദ്ധന്റെ ജീവചരിത്രങ്ങള്‍ പരിഭാഷപ്പെടുത്താതെ,ആര്‍നോള്‍ഡ് ഇംഗ്ലീഷില്‍ എഴുതിയ ലൈറ്റ് ഓഫ് ഏഷ്യയാണ് തിരഞ്ഞടുത്തതെന്നത് ശ്രദ്ധേയമാണെന്ന് ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യന്‍ തത്വചിന്തയിലും സാഹിത്യത്തിലും അതീവതല്‍പരനായിരുന്ന ആര്‍നോള്‍ഡിന്റെ ആരാധകനായിരുന്നു നാലപ്പാട്ട് എന്നതിനാലാണ് ഈ പുസ്തകം തന്നെ അദ്ദേഹം പരിഭാഷപ്പെടുത്തിയതെന്ന്  ജയറാം രമേഷ് പറയുന്നു. 1915-ലാണ്  ലൈറ്റ് ഓഫ് ഏഷ്യയുടെ മഹാകവി കുമാരനാശാന്റെ  ഭാഷാന്തരമായ  ശ്രീബുദ്ധ ചരിതം പുറത്തു വരുന്നത്.1908 ലാണ് ആശാന്‍ പരിഭാഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ആദ്യ രണ്ട് ഭാഗങ്ങള്‍ 1915 ല്‍ പുറത്തുവന്നു. തുടര്‍ന്നുള്ള ഭാഗങ്ങള്‍ 1917 ലും 1929 ലുമാണ് പ്രസിദ്ധീകരിച്ചത്. കുമാരനാശാന്റെ മരണശേഷം പത്‌നിയാണ് 1929 ല്‍ അഞ്ചാം ഭാഗം പ്രസിദ്ധീകരിച്ചത്. 

ഏറെക്കുറെ ഇതേ കാലത്ത് തന്നെ കവയിത്രി മുതുകുളം പാര്‍വതി അമ്മയും ലൈറ്റ് ഓഫ് ഏഷ്യയുടെ പരിഭാഷയുമായി അണിയറയില്‍ ഒരുങ്ങുന്നുണ്ടായിരുന്നുവെന്ന് ജയറാം രമേഷ് പറയുന്നു. എങ്കിലും 1947 ലാണ്  പാര്‍വതി അമ്മയുടെ ശ്രീബുദ്ധചരിതം പുറത്തിറങ്ങിയത്. കുമാരനാശാന്റെ പരിഭാഷകളുടെ തുടര്‍ച്ചയെന്ന നിലയില്‍ ആറ്, ഏഴ് ഭാഗങ്ങള്‍ വെണ്ണിക്കുളം ഗോപാലക്കുറുപ്പ് തയ്യാറാക്കിയതായും 1962 ല്‍ സിദ്ധാര്‍ഥ ചരിതം എന്ന പേരില്‍ പ്രസിദ്ധീകരിച്ചതായും ഗ്രന്ഥകാരന്‍ പറയുന്നു.

കുമാരനാശാന്റെ ശ്രീബുദ്ധ ചരിതം അന്തരിച്ച പ്രശസ്ത കവയിത്രി സുഗതകുമാരിയെ ഗാഢമായി സ്വാധീനിച്ചിരുന്നതായി അവര്‍ തന്നെ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ജയറാം രമേഷ് പുസ്തകത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. മനുഷ്യരോട് മാത്രമല്ല, പക്ഷികളോടും മരങ്ങളോടും മൃഗങ്ങളോടും നദികളോടുമുള്ള അനുതാപം കൊണ്ട് തന്റെ ജീവിതത്തെ ആശാന്റെ രചന നിറച്ചെന്ന് സുഗതകുമാരി ഒരിക്കല്‍ പറഞ്ഞതായി ജയറാം പുസ്തകത്തില്‍ ഓര്‍മിക്കുന്നു. ലൈറ്റ് ഓഫ് ഏഷ്യ മലയാളത്തിലെ കവികളെ എക്കാലത്തും സ്വാധീനിച്ചിട്ടുണ്ടെന്ന് ജയറാം രമേഷ് തന്റെ പുസ്തകത്തില്‍ അഭിപ്രായപ്പെടുന്നു.1936 ല്‍ മഹാകവി എം.പി അപ്പന്‍ രചിച്ച ദിവ്യ ദീപം ഇതിനുദാഹരണമായി രചയിതാവ് ചൂണ്ടിക്കാട്ടുന്നു.ടിബറ്റിന്റെ  ആധ്യാത്മികാചാര്യന്‍ ദലൈലാമയാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.

Content Highlights: Jairam Ramesh, The Light of Asia