ജയ്‍പുർ: രാജസ്ഥാനിലെ ജയ്‍പുരിൽ മെക്സിക്കൻ യുവതിയെ മാനഭംഗം ചെയ്ത സംഭവത്തിൽ പഞ്ചനക്ഷത്രഹോട്ടലിലെ ജനറൽ‍ മാനേജർ അറസ്റ്റിലായി. ഐ.ടി.സി. രജപുത്താന ഷെറാട്ടണിലെ ജനറൽ മാനേജർ ഋഷിരാജ് സിങ്ങാണ് അറസ്റ്റിലായതെന്ന്‌ ഡെപ്യൂട്ടി പോലീസ് കമ്മിഷണർ വികാസ് പഥക് അറിയിച്ചു.

ചൊവ്വാഴ്ചയാണ് രണ്ടു മെക്സിക്കൻ യുവതികൾ ഹോട്ടലിൽ മുറിയെടുത്തത്. ഋഷിരാജിനെ യുവതിക്ക്‌ പരിചയമുണ്ടായിരുന്നു. അർധരാത്രി യുവതിയുടെ മുറിയിൽ മദ്യപിച്ചെത്തിയ പ്രതി, യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചു. ഒച്ചവെച്ചപ്പോൾ അയാൾ മുറിവിട്ടു. തുടർന്ന്‌ യുവതി മെക്സിക്കൻ എംബസിയെ വിവരമറിയിക്കുകയും രാജസ്ഥാൻ പോലീസിൽ പരാതിപ്പെടുകയുമായിരുന്നു.

പ്രതി യുവതിയുടെ മുറിയിലേക്കുപോകുന്നതിന്റെയും മടങ്ങുന്നതിന്റെയും ദൃശ്യങ്ങൾ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്ന്‌ പോലീസ് പറഞ്ഞു. പുറമേ യുവതിയോട്‌ മാപ്പപേക്ഷിച്ചുകൊണ്ട്‌ പ്രതി അയച്ച വാട്സാപ്പ് സന്ദേശവും പോലീസിന്‌ ലഭിച്ചു. സ്ത്രീത്വത്തെ അപമാനിച്ചതിനും ലൈംഗികപീഡനത്തിനും കേസെടുത്തതായി പോലീസുദ്യോഗസ്ഥനായ മനീഷ് ചരൺ പറഞ്ഞു.