ജയ്‍പുർ: ജീവനക്കാർ ഇനി ടീഷർട്ടും ജീൻസും ധരിച്ച് ഓഫീസിൽ വരരുതെന്ന് രാജസ്ഥാൻ തൊഴിൽ വകുപ്പ്. 21-ന്‌ ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്.

മിക്കജീവനക്കാരും ഓഫീസിൽ ടീഷർട്ടും ജീൻ‍സും ധരിച്ചാണ് എത്തുന്നത്. ഇവ മാന്യമല്ലാത്ത വസ്ത്രങ്ങളാണെന്നാണ് വകുപ്പിന്റെ നിലപാട്. ഇത്‌ തീർത്തും നിന്ദ്യവും ഓഫീസിന്റെ അന്തസ്സിനെ ബാധിക്കുന്നതുമാണ്. അതുകൊണ്ട് എല്ലാ ജീവനക്കാരും മാന്യമായ വസ്ത്രം ധരിച്ചെത്തണമെന്ന്‌ ഉത്തരവിൽ പറയുന്നു. ‘ഓഫീസിന്റെ അന്തസ്സിനെ സംബന്ധിക്കുന്ന കാര്യമാണിത്. മുമ്പും ഇത്തരത്തിലുള്ള നിർദേശങ്ങൾ ഇറക്കിയി’ട്ടുണ്ടെന്ന്‌ നടപടിയെ ന്യായീകരിച്ചുകൊണ്ട്‌ ലേബർ കമ്മിഷണർ ഗിരിരാജ് സിങ് കുശ്‍വാഹ പറഞ്ഞു.

സംഭവത്തിൽ ജീവനക്കാരുടെ സംഘടന പ്രതിഷേധിച്ചു. തീരുമാനം പിൻവലിക്കാൻ കമ്മിഷണറോട്‌ ആവശ്യപ്പെടുമെന്ന്‌ ഓൾ രാജസ്ഥാൻ എംപ്ലോയീസ് ഫെഡറേഷൻ (യുണൈറ്റഡ്‌) ഗജേന്ദ്ര സിങ് പറഞ്ഞു.