ജയ്പുര്‍: ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള അഴിമതിയാരോപണങ്ങളിലൂടെയും തുടര്‍ച്ചയായ അച്ചടക്കലംഘനങ്ങളിലൂടെയും മാധ്യമശ്രദ്ധ നേടിയ ഐ.പി.എസ്. ഉദ്യോഗസ്ഥന് നിര്‍ബന്ധിത വിരമിക്കല്‍. രാജസ്ഥാന്‍ കേഡറിലെ എ.ഡി.ജി.പി. റാങ്കിലുള്ള ഇന്ദുകുമാര്‍ ഭൂഷണാണ് ബുധനാഴ്ച കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവ് നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.

1989 ബാച്ചിലെ ഉദ്യോഗസ്ഥനാണ് ബിഹാര്‍ സ്വദേശിയായ ഇദ്ദേഹം. രാജസ്ഥാനില്‍ ക്രൈം ബ്രാഞ്ചിന്റെ സി.ഐ.ഡി. വിഭാഗത്തില്‍ എസ്.പി., ട്രാഫിക് ഡി.ഐ.ജി, ഐ.ജി. (ചട്ടങ്ങള്‍), ഐ.ഡി.ജി. (ജയില്‍) തുടങ്ങി വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്. സിയെറാ ലിയോണിലെ ഐക്യരാഷ്ട്രസഭാ ദൗത്യത്തില്‍ ഡെപ്യൂട്ടേഷനിലും പ്രവര്‍ത്തിച്ചിരുന്നു.

പൊതുസ്ഥലങ്ങളില്‍ വിവാദ പ്രസ്താവന നടത്തിയെന്നും നിരുത്തരവാദപരമായി പെരുമാറിയെന്നുമാണ് ഭൂഷന്റെ പേരിലുള്ള ആരോപണം. 2016 സെപ്റ്റംബറില്‍ ഹൈദരാബാദിലെ നാഷണല്‍ പോലീസ് അക്കാദമിയിലെ പരിശീലനപരിപാടിക്കിടെ ഇദ്ദേഹത്തെ അടിയന്തരമായി ജയ്പുരിലേക്ക് മടക്കിയയച്ചിരുന്നു. തെലങ്കാന ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന്റെ അറിവിനെ ചോദ്യം ചെയ്തതിനെത്തുടര്‍ന്നായിരുന്നു ഇത്. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ പരിശീലനം നിര്‍ത്തിവെപ്പിച്ച് ഉടന്‍ വിമാനത്താവളത്തിലെത്തിക്കുകയായിരുന്നു.

കഴിഞ്ഞവര്‍ഷം രാജസ്ഥാന്‍ പോലീസിലെ ഉന്നതര്‍ക്കെതിരേ ഇദ്ദേഹം അഴിമതിയാരോപണമുന്നയിച്ചു. സ്വന്തം ഡ്രൈവറെയും ഗണ്‍മാനെയും അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്ന ആരോപണവും ഇദ്ദേഹത്തിനുമേലുണ്ട്. 2013-ലായിരുന്നു സംഭവം. രാജസ്ഥാന്‍ ഡി.ജി.പി. വിളിച്ചു ചേര്‍ത്ത ഉന്നതോദ്യോഗസ്ഥരുടെ ചര്‍ച്ചയില്‍ സഭ്യമല്ലാത്ത ഭാഷയില്‍ സംസാരിച്ചെന്ന ആരോപണവും നേരിടുന്നുണ്ട്.