ജയ്പുര്‍: യു.എസ്. വ്യോമസേനാ മേധാവിക്കുപിന്നാലെ ഫ്രാന്‍സിന്റെ വ്യോമസേനാ മേധാവിയും ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ലഘു പോര്‍വിമാനമായ തേജസ്സില്‍ പറന്നു. രാജസ്ഥാനിലെ ജോധ്പുരിലുള്ള വ്യോമസേനാതാവളത്തില്‍നിന്ന് ബുധനാഴ്ചയാണ് ഫ്രഞ്ച് വ്യോമസേനാ മേധാവിയായ ജനറല്‍ ആന്ദ്രേ ലനാറ്റ പറന്നത്.

സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള വ്യോമസേനാതാവളത്തെക്കുറിച്ച് ഗ്രൂപ്പ് ക്യാപ്റ്റനായ രാജേഷ് ജോഷി ലനാറ്റയോട് വിശദീകരിച്ചു. വ്യോമസേനയുടെ ജോധ്പുര്‍ സ്റ്റേഷന്റെ കമാന്‍ഡര്‍ കൂടിയാണ് ജോഷി. വ്യോമസേനയുടെ മറ്റു വിമാനങ്ങളും ലനാറ്റയ്ക്ക് പരിചയപ്പെടുത്തി. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള പ്രതിരോധസഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ലനാറ്റ ഇന്ത്യയിലെത്തിയത്. ഒപ്പം ഭാര്യയുമുണ്ടായിരുന്നു.

ശനിയാഴ്ചയാണ് യു.എസ്. വ്യോമസേനാ മേധാവിയായ ഡേവിഡ് എല്‍. ഗോള്‍ഡ്ഫിന്‍ തേജസ്സില്‍ 40 മിനിറ്റോളം പറന്നത്. കഴിഞ്ഞവര്‍ഷം നവംബറില്‍ സിങ്കപ്പൂര്‍ പ്രതിരോധമന്ത്രിയും തേജസ്സില്‍ പറന്നിരുന്നു.

റഷ്യന്‍നിര്‍മിത മിഗ്-21 വിമാനങ്ങള്‍ പഴകിയതിനാല്‍ പുതിയ ലഘുയുദ്ധവിമാനം ഇന്ത്യയില്‍ത്തന്നെ നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു. അതുപ്രകാരമാണ് തേജസ്സ് നിര്‍മിച്ചത്. ഒറ്റ എന്‍ജിന്‍ മാത്രമുള്ള തേജസ്സ് ശബ്ദത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കും. നിലവിലുള്ള എല്ലാ പോര്‍വിമാനങ്ങളെക്കാളും ചെറുതും ഭാരംകുറഞ്ഞതുമായ തേജസ്സിന് ആകാശത്തും കടലിലും കരയിലും ആക്രമണം നടത്താനാകും.