: ആന്ധ്രയുടെ നിയുക്ത മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ഞായറാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ചർച്ച നടത്തി. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ, ആന്ധ്രയ്ക്ക് പ്രത്യേക പദവി നൽകണമെന്നും സാമ്പത്തിക സഹായം നൽകണമെന്നും ജഗൻ ആവശ്യപ്പെട്ടു.

ആന്ധ്രയിൽ നിയമസഭാ-ലോക്‌സഭാ തിരഞ്ഞടുപ്പുകളിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച വൈ.എസ്.ആർ. കോൺഗ്രസിന്റെ നേതാവായ ജഗൻ മോഹൻ റെഡ്ഡി 30-ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ചുമതലയേൽക്കുന്നതിന് മുന്നോടിയായാണ് പ്രധാനമന്ത്രിയെ കണ്ടത്. ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത് ഷായെയും ജഗൻ കണ്ടു.

എൻ.ഡി.എ.യ്ക്ക് വൻ ഭൂരിപക്ഷമുളളതിനാൽ സർക്കാർ രൂപവത്‌കരണത്തിന് സഹകരണമാവശ്യമില്ലെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം നടത്തിയ പത്രസമ്മേളനത്തിൽ ജഗൻ പറഞ്ഞു. എൻ.ഡി.എ.യ്ക്ക് കാര്യമായ ഭൂരിപക്ഷമില്ലായിരുന്നെങ്കിൽ വൈ.എസ്.ആർ. കോൺഗ്രസിന് നേട്ടമാകുമായിരുന്നു. ഇപ്പോൾ അവർക്ക് സഹായമാവശ്യമില്ലെന്ന് പറഞ്ഞു. അതിനാൽ കേന്ദ്രത്തോട് അഭ്യർഥിക്കാനേ കഴിയൂ, ആവശ്യപ്പെടാനാകില്ലെന്ന് ജഗൻ കൂട്ടിച്ചേർത്തു.

കടത്തിൽ മുങ്ങിയ ആന്ധ്രയ്ക്ക് ജീവരേഖയാണ് പ്രത്യേകപദവിയെന്ന് പ്രധാനമന്ത്രിയോട് ജഗൻ പറഞ്ഞു. സംസ്ഥാനം മുന്നോട്ടു പോകണമെങ്കിൽ കേന്ദ്രത്തിന്റെ സഹായം ആവശ്യമാണ്.

2.58 ലക്ഷം കോടിയാണ് സംസ്ഥാനത്തിന്റെ നിലവിലുള്ള കടമെന്ന് ജഗൻ പറഞ്ഞു. പലിശ അടയ്ക്കാൻ മാത്രം സംസ്ഥാനത്തിന് ഇരുപതിനായിരം കോടി രൂപ വേണം. ചർച്ച മികച്ചതായിരുന്നുവെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മോദി ട്വീറ്ററിൽ കുറിച്ചു.

Content Highlights: Jagan mohan reddy, meets modi