മുംബൈ: ഇന്ത്യവിടാൻ ശ്രമിച്ച ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥർ തടഞ്ഞു. ഫോർട്ടിസ് ഹെൽത്ത് കെയർ പ്രൊമോട്ടർമാരെ വഞ്ചിച്ച് സുകേഷ് ചന്ദ്രശേഖർ 200 കോടി തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയായതിനാലാണ് ഇന്ത്യവിടാൻ അനുവദിക്കാതിരുന്നത്. ജാക്വിലിൻ ഫെർണാണ്ടസിന് സുകേഷ് കോടികളുടെ സമ്മാനങ്ങൾ നൽകിയതായി ഇ.ഡി. വെളിപ്പെടുത്തിയിരുന്നു. ഒക്ടോബറിൽ ഇ.ഡി. ജാക്വിലിനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നു. എന്നാൽ, പലതവണ സമൻസ് അയച്ചിട്ടും ജാക്വിലിൻ ചോദ്യംചെയ്യലിൽനിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. തട്ടിപ്പ് കേസിൽ ജാക്വിലിൻ ഫെർണാണ്ടസും ഉൾപ്പെട്ടിരുന്നു.