ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ കർണാടക ഹൈക്കോടതിയിൽ വാദം പൂർത്തിയായി. വാദങ്ങളുടെ സംഗ്രഹം ഒക്ടോബർ ഒന്നിന് എഴുതി നൽകാൻ കോടതി ബിനീഷിനോടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി (ഇ.ഡി.) നോടും ആവശ്യപ്പെട്ടു. ജാമ്യത്തെ എതിർത്തുകൊണ്ടുള്ള ഇ.ഡി.യുടെ വാദങ്ങൾക്ക് വ്യക്തമായ മറുപടി നൽകിയാണ് ജസ്റ്റിസ് എം.ജി. ഉമയുടെ ബെഞ്ചിൽ ബിനീഷിന്റെ അഭിഭാഷകൻ വാദം അവസാനിപ്പിച്ചത്.

കഴിഞ്ഞ മാർച്ചിലാണ് ഹൈക്കോടതിയിൽ വാദം തുടങ്ങിയത്. കേസിൽ ഒന്നാംപ്രതിയായ അനൂപ് മുഹമ്മദിന്‌ ബിനീഷ്‌ പണം നൽകിയതിന്റെ തെളിവ് ഹാജരാക്കാൻ ഇ.ഡി.ക്ക് സാധിച്ചിട്ടില്ല. ലഹരി ഇടപാടിന് ബിനീഷ് പണം ചെലവഴിച്ചുവെന്നും ബെംഗളൂരുവിലെ ഹയാത്ത് ഹോട്ടലിന്റെ അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചെന്നുമുള്ളത് സംശയം മാത്രമാണ്. മുഹമ്മദ് അനൂപ് ഉൾപ്പെട്ട ലഹരി വ്യാപാരത്തിലെ മുഖ്യ സൂത്രധാരനാണ് ബിനീഷ് എന്നായിരുന്നു ഇ.ഡി. ഇതുവരെ ആരോപിച്ചിരുന്നത്. എന്നാൽ, ലഹരി ഇടപാടിന് പണം ചെലവഴിച്ചെന്ന വാദത്തിനിപ്പോൾ ഇ.ഡി. പ്രാധാന്യം നൽകുന്നില്ല. നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) വിശദമായി ചോദ്യം ചെയ്തിട്ടും ബിനീഷിന് ലഹരിബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടില്ല.

ഡ്രൈവർ അനിക്കുട്ടനും സുഹൃത്ത് അരുണും ചോദ്യം ചെയ്യലിന് ഹാജരാകാത്തത് ബിനീഷിന്റെ സ്വാധീനം കൊണ്ടല്ല. കഴിഞ്ഞ ഒരുവർഷത്തോളമായി ബിനീഷ് ജയിലിലാണ്. ഈ സമയത്താണ് അനിക്കുട്ടനും അരുണിനും ഇ.ഡി. സമൻസ് അയച്ചത്. ഇരുവരെയും ചോദ്യം ചെയ്യലിന് ഹാജരാക്കാൻ എന്തു നടപടിയാണ് ഇ.ഡി. സ്വീകരിച്ചത്. ഒരുകോടിയിൽ താഴെയുള്ള ഇടപാടുകൾ കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ പരിധിയിൽ വരില്ല. മുഹമ്മദ് അനൂപിന് ബിനീഷ് നൽകിയത് ഒരു കോടിയിൽ താഴെ മാത്രമാണ്. ബിനീഷിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന ഇ.ഡി.യുടെ വാദത്തിന് തെളിവുകൾ ഹാജരാക്കാനായിട്ടില്ല. കടലാസു കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിച്ചിട്ടില്ലെന്നും ബിനീഷിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ബിനീഷിനുവേണ്ടി സുപ്രീംകോടതി അഭിഭാഷകരായ ഗുരുകൃഷ്ണകുമാർ, രഞ്ജിത് ശങ്കർ എന്നിവർ ഹാജരായി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ ഒക്ടോബർ 29-നാണ് ബിനീഷിനെ ഇ.ഡി. അറസ്റ്റുചെയ്തത്. നവംബർ 11-നുശേഷം പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.