ന്യൂഡൽഹി: ഇസ്രയേൽ രഹസ്യസ്വഭാവഗണത്തിൽപ്പെടുത്തിയ ചാര സോഫ്റ്റ്‌വേർ പെഗാസസ് ജനത്തിനും നിയമസംവിധാനത്തിനും എതിരേ പ്രയോഗിച്ചത് രാജ്യദ്രോഹമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ അന്വേഷണം നടത്തണമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ഇരുവർക്കുമല്ലാതെ പെഗാസസ് ഉപയോഗിക്കാനുള്ള ശേഷി മറ്റാർക്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.

“ഭീകരർക്കെതിരേയും കുറ്റവാളികൾക്കെതിരേയും ഉപയോഗിക്കേണ്ട പെഗാസസാണ് ഇവിടെ രാഷ്ട്രീയമായി ഉപയോഗിച്ചത്. കർണാടകത്തിൽ സർക്കാർ അട്ടിമറിക്കും അന്വേഷണങ്ങൾ അട്ടിമറിക്കാനും സുപ്രീം കോടതിക്കെതിരേയും പ്രയോഗിച്ചു. റഫാൽ അന്വേഷണം ഇല്ലാതാക്കാനും രാജ്യത്തെ നിയമസംവിധാനങ്ങൾക്കെതിരേയും ഉപയോഗിച്ചു. ഇതിനുള്ള ഏകവിശേഷണം രാജ്യദ്രോഹമെന്നാണ്. എന്റെ ഫോൺ ചോർത്തിയത്‌ വലിയ വിഷയമല്ല. ഇത് രാഹുൽ ഗാന്ധിയുടെ സ്വകാര്യ പ്രശ്‌നമല്ല. ഞാൻ പ്രതിപക്ഷത്തെ നേതാവാണ്. ജനങ്ങൾക്കെതിരേയുള്ള ആക്രമണത്തിൽ അവരുടെ ശബ്ദമാണ് ഞാനുയർത്തുന്നത്. അവരുടെ ശബ്ദത്തിനു നേരെയുള്ള ആക്രമണമാണിത്. അതിനാൽ ഇരുവർക്കുമെതിരേ അന്വേഷണം നടത്തണം”- രാഹുൽ പറഞ്ഞു.

റഫാലിൽ അഴിമതി നടന്നതായി താൻ പറഞ്ഞപ്പോൾ മാധ്യമങ്ങൾ പിന്തുണച്ചില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. പക്ഷേ, സത്യം പുറത്തുവരും. ഫ്രാൻസിൽ അന്വേഷണം നടക്കുന്നു. അഴിമതിക്ക് ഉത്തരവാദി ആരെന്നത് വെളിപ്പെടും. എല്ലാവരെയും വിലക്കെടുക്കാനാവില്ല. അനിൽ അംബാനിയുടെ ഫോൺ ചോർത്തിയത് അന്വേഷിക്കുന്ന മാധ്യമങ്ങൾ, വിഷയത്തിൽ എഫ്.ഐ.ആർ. സമർപ്പിക്കാനിരുന്ന സി.ബി.ഐ. ഡയറക്ടറുടെ ഫോൺ അവസാന നിമിഷം ചോർത്തിയത് പരിശോധിക്കുന്നില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി. പെഗാസസ് ഏതെങ്കിലും ഒരാൾക്ക് വാങ്ങാൻ കഴിയുന്നതല്ല. ഇത് സൈന്യത്തിന് വിൽക്കാനാവില്ല. അനിൽ അംബാനിയെ ഇരുത്തിയുള്ള റഫാൽ ഇടപാട് സർക്കാർ തലത്തിലുള്ളതാണെന്ന് പ്രധാനമന്ത്രി പറയുന്ന പോലെ ഇതും സർക്കാരുകൾക്ക് തമ്മിലേ കൈമാറാനാവൂ- രാഹുൽ പറഞ്ഞു.

പെഗാസസ് ഉപയോഗിച്ച് തന്റെ എല്ലാ ഫോണുകളും ചോർത്തിയതായും അദ്ദേഹം വെളിപ്പെടുത്തി. ഫോണുകൾ ചോർത്തുന്ന ഐ.ബി. ഉദ്യോഗസ്ഥർ തന്നെ വിളിച്ചു. എന്നാലിതിലൊന്നും ഭയപ്പെടുന്ന ആളല്ല. തന്നെ ചോർത്തിയിട്ട് ഒന്നും കിട്ടാൻ പോകുന്നില്ലെന്നും അഴിമതിക്കാരും കള്ളന്മാരുമേ ഭയപ്പെടേണ്ടതുള്ളൂവെന്നും രാഹുൽ പറഞ്ഞു.