ന്യൂഡൽഹി: കോവിഡിന്റെ സാഹചര്യത്തിൽ കേന്ദ്രത്തിന്റെ പുതിയ ഐ.ടി. ചട്ടം പാലിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് ട്വിറ്റർ സർക്കാരിനോട് പറഞ്ഞു. ചട്ടം പാലിക്കണമെന്നുകാട്ടി ശക്തമായ താക്കീതാണ് ട്വിറ്ററിന് സർക്കാർ നൽകിയിരുന്നത്. പാലിക്കാൻ തയ്യാറാണെന്നും എന്നാൽ, കോവിഡ് കാരണം കൂടുതൽ സമയം നൽകണമെന്നുമാണ് ട്വിറ്ററിന്റെ ആവശ്യം. സർക്കാരുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിവരുകയാണെന്ന് ട്വിറ്റർ പ്രതികരിച്ചു.

സാമൂഹിക മാധ്യമ ഇടനിലക്കാരെ നിയന്ത്രിക്കുന്നതിന് ഫെബ്രുവരി 25-ന് കൊണ്ടുവന്ന ഐ.ടി. ചട്ടം പാലിക്കാൻ അനുവദിച്ച സമയപരിധി മേയ് 25-ന് അവസാനിച്ചതിനെത്തുടർന്ന് മാർഗരേഖ നടപ്പാക്കിയതിന്റെ തത്‌സ്ഥിതി വിവരം അറിയിക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. മാർഗരേഖ പാലിച്ചുകൊണ്ട് ഗൂഗിൾ, ഫെയ്സ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ കമ്പനികൾ വിവരങ്ങൾ പങ്കുവെച്ചെങ്കിലും ട്വിറ്റർ അതിന് തയ്യാറായിരുന്നില്ല. തുടർന്ന് ഇന്ത്യയിലെ നിയമങ്ങൾ പാലിച്ചുമാത്രമേ ഇവിടെ പ്രവർത്തിക്കാനാകൂവെന്ന് സർക്കാർ ട്വിറ്ററിന് മുന്നറിയിപ്പ് നൽകി.

Content Highlights; IT rules Twitter