ന്യൂഡൽഹി: ദേശീയ താത്‌പര്യങ്ങൾക്കുവേണ്ടി പ്രവർത്തിക്കാനുള്ള സമയമായെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനായി വിളിച്ചുചേർത്ത 19 പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഉത്തർപ്രദേശിൽ ഉൾപ്പെടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മുന്നണിയായി മത്സരിക്കാൻ കോൺഗ്രസ് തയ്യാറാണെന്ന് ഉറപ്പിക്കുന്നതു കൂടിയായിരുന്നു സോണിയയുടെ വാക്കുകൾ.

മൂന്ന്‌ മണിക്കൂറോളം നീണ്ട യോഗത്തിൽ ഇത്തരം കൂടിക്കാഴ്ചകൾ ഇടയ്ക്കിടെ നടത്താനും തീരുമാനമായി. എ.എ.പി.യെയും ബി.എസ്.പി.യെയും യോഗത്തിൽ ക്ഷണിച്ചിരുന്നില്ല. എസ്.പി., ബി.എസ്.പി. പാർട്ടികൾ ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പു കണക്കിലെടുത്ത് പങ്കെടുത്തില്ല. എസ്.പി. നേതാവ് അഖിലേഷ് യാദവ് യോഗത്തിനെത്താൻ കഴിയില്ലെന്ന് സന്ദേശമയച്ചു.

കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ പ്രതിപക്ഷ ഐക്യം ശക്തിപ്പെട്ടത് സോണിയ എടുത്തുപറഞ്ഞു. ഇരുസഭകളിലും പ്രതിപക്ഷം ഒരുമിച്ചു പ്രവർത്തിച്ചു. സംവരണ ഭരണഘടനാ ഭേദഗതി ബിൽ പാസായത് പ്രതിപക്ഷ ഐക്യം കാരണമാണ്. ഈ ഐക്യം നിലനിർത്തണം. -സോണിയ പറഞ്ഞു.