ന്യൂഡൽഹി: രാജ്യത്തെ പുത്തൻ ഐ.ടി. ചട്ടങ്ങൾ പ്രകാരമുള്ള ഇടക്കാല റിപ്പോർട്ട് വെള്ളിയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് സാമൂഹിക മാധ്യമമായ ഫെയ്സ്ബുക്ക് വ്യക്തമാക്കി. മേയ് 15-നും ജൂൺ 15-നും ഇടയിൽ നീക്കം ചെയ്ത ഉള്ളടക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടും.

അന്തിമ റിപ്പോർട്ട് ജൂലായ് 15-നാകും പ്രസിദ്ധീകരിക്കുക. ഉപഭോക്താക്കളിൽനിന്ന് ലഭിച്ച പരാതികളെക്കുറിച്ചും സ്വീകരിച്ച നടപടികളെക്കുറിച്ചുമുള്ള വിവരങ്ങൾ ഇതിൽ ഉൾപ്പെടുമെന്നും കമ്പനി വക്താവ് വ്യക്തമാക്കി.

അന്തിമ റിപ്പോർട്ടിൽ വാട്സാപ്പുമായി ബന്ധപ്പെട്ട വിവരങ്ങളുമുണ്ടാകും. രാജ്യത്ത് മേയ് 26-ന് നിലവിൽവന്ന പുതിയ ചട്ടങ്ങൾപ്രകാരം 50 ലക്ഷത്തിലധികം ഉപയോക്താക്കളുള്ള സാമൂഹികമാധ്യമ കമ്പനികൾ പരാതി പരിഹാരവുമായി ബന്ധപ്പെട്ട്‌ എല്ലാ മാസവും സർക്കാരിന് റിപ്പോർട്ട് നൽകണം. രാജ്യത്ത് ഫെയ്സ്ബുക്കിന് 41 കോടിയും വാട്സാപ്പിന് 53 കോടിയും ഉപയോക്താക്കളാണുള്ളത്.

content highlights: it act: facebook to publish interim report on july second