ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞൻ നമ്പി നാരായണനെ ചാരക്കേസിൽ അറസ്റ്റുചെയ്ത് ‘പകപോക്കിയ’ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിക്ക് സുപ്രീംകോടതി. തെറ്റുചെയ്ത ഉദ്യോഗസ്ഥർക്കെതിരേ ഉചിതമായ നടപടി നിർദേശിക്കാൻ മുൻ ജഡ്ജി ഡി.കെ. ജെയിൻ അധ്യക്ഷനായ മൂന്നംഗസമിതിയെ സുപ്രീംകോടതി നിയോഗിച്ചു.

കടുത്ത പീഡനങ്ങൾ നേരിട്ട നമ്പി നാരായണന് എട്ടാഴ്ചയ്ക്കകം 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാരിനോടും സുപ്രീംകോടതി നിർദേശിച്ചു. അതേസമയം, കൂടുതൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള സിവിൽ കേസുമായി അദ്ദേഹത്തിന് മുന്നോട്ടു പോകാമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

തന്റെ ഭാവി തകർത്ത ചാരക്കേസ് അന്വേഷിച്ച മുൻ ഡി.ജി.പി. സിബി മാത്യൂസ്, മുൻ എസ്.പി.മാരായ കെ.കെ. ജോഷ്വ, എസ്. വിജയൻ എന്നിവർക്കെതിരേ നടപടിയാവശ്യപ്പെട്ട് നമ്പി നാരായണൻ നടത്തിയ നിയമപോരാട്ടമാണ് വിജയം കണ്ടത്. ചരിത്രപരമായ വിധിയാണിതെന്ന് നമ്പി നാരായണന്റെ അഭിഭാഷകൻ സി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

സുപ്രീംകോടതിയിലെ മുൻ ജഡ്ജി ഡി.കെ. ജെയിൻ അധ്യക്ഷനായ സമിതിയിൽ കേന്ദ്രത്തിനും സംസ്ഥാനസർക്കാരിനും ഓരോ പ്രതിനിധിയെ നിർദേശിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സമിതിക്ക് കേരളത്തിലും യോഗം ചേരാം. സമിതിയുടെ ചെലവ് കേന്ദ്രം വഹിക്കണം. അതേസമയം, സമിതി എന്ന് റിപ്പോർട്ട് നൽകണമെന്ന് വിധിയിൽ പറയുന്നില്ല.

പോലീസിനും സംസ്ഥാന സർക്കാരിനുമെതിരേ രൂക്ഷപരാമർശങ്ങളടങ്ങുന്നതാണ് ജസ്റ്റിസുമാരായ എ.എം. ഖൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർകൂടി ഉൾപ്പെട്ട ബെഞ്ചിന്റെ വിധി. നമ്പി നാരായണനെതിരായ കേസ് തെറ്റാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നുമുള്ള സി.ബി.ഐ. റിപ്പോർട്ട് സംസ്ഥാന സർക്കാർ തള്ളിയിരുന്നു. സംസ്ഥാനത്തിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിട്ടുപോലും ഉദ്യോഗസ്ഥർക്കെതിരേ ഒരു നടപടിയും സർക്കാർ സ്വീകരിച്ചില്ലെന്ന് വിധിയിൽ ചൂണ്ടിക്കാട്ടുന്നു.

കസ്റ്റഡിയിൽ പീഡനമുണ്ടായിട്ടില്ലെന്ന വാദം കോടതി തള്ളി. ‘ശാരീരിക വേദനയുണ്ടാക്കുന്നത് മാത്രമല്ല പീഡനം. നമ്പി നാരായണൻ അനുഭവിച്ച തീവ്ര പീഡനങ്ങൾ സി.ബി.ഐ.യുടെ റിപ്പോർട്ടിൽ വ്യക്തമാണ്. കേരള പോലീസിന്റെ മുഴുവൻ നടപടികളും പകപോക്കലായിരുന്നു. അന്വേഷണം സി.ബി.ഐ.ക്കു കൈമാറിയിരുന്നതിനാൽ അവരാണ് കുറ്റക്കാരെന്ന സംസ്ഥാന സർക്കാരിന്റെ വാദം തള്ളാനേ സാധിക്കൂ’ -കോടതി നിരീക്ഷിച്ചു.

1994 നവംബർ 30-നാണ് നമ്പി നാരായണൻ ചാരക്കേസിൽ അറസ്റ്റിലായത്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്ന കേരള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരേയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നമ്പി നാരായണൻ നൽകിയ കേസ് തിരുവനന്തപുരം സബ് കോടതിയിൽ നടക്കുന്നുണ്ട്.