ബെംഗളൂരു: ബഹിരാകാശ ഗവേഷണസ്ഥാപനമായ ഐ.എസ്.ആർ.ഒ. അടുത്തവർഷം ലക്ഷ്യംവെക്കുന്നത് പത്തോളം സുപ്രധാനദൗത്യങ്ങൾ. വാർത്താവിനിമയ, ഭൗമനിരീക്ഷണ ഉപഗ്രഹങ്ങൾ, ചന്ദ്രയാൻ -മൂന്ന്, പുനരുപയോഗ്യ റോക്കറ്റ്, മിനി റോക്കറ്റ്, സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ആദിത്യ, ഗഗൻയാൻ പരീക്ഷണപേടകദൗത്യം എന്നിവ ഇതിലുൾപ്പെടും. ആധുനിക വാർത്താവിനിമയ ഉപഗ്രഹങ്ങളായ ജിസാറ്റ്- ഒന്ന്, ജിസാറ്റ്-12 ആർ, ഭൗമനിരീക്ഷണത്തിനായുള്ള റിസാറ്റ്-2 ബിആർ 2 എന്നിവയാണ് പ്രധാന ഉപഗ്രഹവിക്ഷേപണങ്ങൾ. ചന്ദ്രയാൻ-മൂന്നും അടുത്തവർഷമുണ്ടാകും

പുനരുപയോഗ്യ റോക്കറ്റും ചെറു റോക്കറ്റും

ബഹിരാകാശരംഗത്ത് ചരിത്രനേട്ടം ലക്ഷ്യംവെച്ചാണ് പുനരുപയോഗ്യ റോക്കറ്റ് വിക്ഷേപണം. ഇതിന്റെ ചെറുമാതൃക ഐ.എസ്.ആർ.ഒ. നേരത്തേ പരീക്ഷിച്ചിരുന്നു. അടുത്തവർഷം ആദ്യപകുതിയിൽ പുനരുപയോഗ്യ റോക്കറ്റിന്റെ വിക്ഷേപണം നടത്താനാണ് ലക്ഷ്യം. സ്പേസ് ഷട്ടിൽ മാതൃകയിലായിരിക്കും റോക്കറ്റിന്റെ രണ്ടാംഘട്ടം നിർമിക്കുന്നത്. ഇതോടൊപ്പം ഭാരം കുറഞ്ഞ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനുള്ള മിനി റോക്കറ്റ് വിക്ഷേപണവും അടുത്ത വർഷമാദ്യം നടക്കും.

ആദിത്യ. എൽ 1

ബഹിരാകാശത്തുനിന്ന് സൂര്യനെ നിരീക്ഷിക്കുന്നതിനുള്ള ആദിത്യ- എൽ ഒന്ന് ദൗത്യം അടുത്തവർഷം മധ്യത്തോടെ നടത്താനാണ് ലക്ഷ്യം. സൂര്യോപരിതലത്തെക്കുറിച്ച് പഠിക്കുകയാണ് ലക്ഷ്യം. ഇതിനായി പേടകത്തെ ഭൂമിയിൽനിന്ന് ഏറ്റവും അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കണം. പി.എസ്.എൽ.വി. റോക്കറ്റായിരിക്കും പേടകത്തെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്. പേടകത്തിന് 400 കിലോഗ്രാം ഭാരമുണ്ടാകും.

ഗഗൻയാൻ

ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ‘ഗഗൻയാൻ’ ദൗത്യം 2022-ലാണ് ലക്ഷ്യംവെക്കുന്നത്. എന്നാൽ ഇതിനുമുമ്പ് മനുഷ്യനില്ലാത്ത പേടകം ബഹിരാകാശത്ത് എത്തിച്ച് തിരിച്ചിറക്കണം. ഇത്തരത്തിലുള്ള രണ്ടു ദൗത്യങ്ങൾ വിജയകരമായി പരീക്ഷിച്ചശേഷമായിരിക്കും ‘ഗഗൻയാൻ’ ദൗത്യം. ആളില്ലാത്ത ദൗത്യത്തിന്റെ പരീക്ഷണം അടുത്തവർഷം ഡിസംബറിൽ നടക്കും. ഇതിനുശേഷം നാലുപേരെ ബഹിരാകാശത്ത് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി പ്രാരംഭപരിശീലനത്തിന് 12 ബഹിരാകാശയാത്രികരെ തിരഞ്ഞെടുത്തിട്ടുണ്ട്. ദൗത്യത്തിനായി രൂപവത്കരിച്ച ഹ്യൂമൺ സ്പേസ് ഫ്ലൈറ്റ് സെന്ററിന്റെ ഡയറക്ടർ കോട്ടയം കോത്തനല്ലൂർ സ്വദേശി ഉണ്ണികൃഷ്ണൻ നായരാണ്. ആലപ്പുഴ സ്വദേശി ആർ. ഹട്ടനാണ് പ്രൊജക്ട് ഡയറക്ടർ.

ചന്ദ്രയാൻ- മൂന്ന്

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പേടകമിറക്കാൻ ലക്ഷ്യംവെക്കുന്ന ‘ചന്ദ്രയാൻ- മൂന്ന്’ ദൗത്യം അടുത്തവർഷം നവംബറിലുണ്ടാവും. ‘ചന്ദ്രയാൻ- രണ്ട്’ പേടകം ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിനിടെ ആശയവിനിമയം നഷ്ടപ്പെട്ട് ഇടിച്ചിറങ്ങുകയായിരുന്നു. ഇതിലെ പോരായ്മകൾ പരിഹരിച്ചായിരിക്കും മൂന്നാം ദൗത്യം. തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടർ എസ്. സോമനാഥിന്റെ അധ്യക്ഷതയിലുള്ള ഉന്നതതലസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ദൗത്യം.

Content Highlights; Isro’s 2020 target: Sun mission, Gaganyaan test, 10 satellite launches