ബെംഗളൂരു: ബ്രസീലിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ആമസോണിയ-ഒന്നിന്റെ വിക്ഷേപണം ഞായറാഴ്ച നടക്കും. രാവിലെ 10.24-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാമത്തെ ലോഞ്ച് പാഡിൽനിന്ന് പി.എസ്.എൽ.വി.-സി 51 റോക്കറ്റിലാണ് വിക്ഷേപണം.

ആമസോണിയ-ഒന്നിനൊപ്പം 18 ചെറു ഉപഗ്രഹങ്ങളും വിക്ഷേപിക്കും. ഇൻ സ്‌പേസിന്റെ (ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ) നാലും എൻ.എസ്.ഐ.എലിന്റെ (ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ്) 14-ഉം ഉപഗ്രഹങ്ങളാണ് ആമസോണിയ-ഒന്നിനൊപ്പം വിക്ഷേപിക്കുക. വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ ശനിയാഴ്ച രാവിലെ 8.54-ന് തുടങ്ങി. പി.എസ്.എൽ.വി.യുടെ 53-ാമത് ദൗത്യമാണിത്.

ഇൻ സ്പേസിന്റെ നാല് ഉപഗ്രഹങ്ങളിൽ സ്വകാര്യ കമ്പനിയായ സ്പേസ് കിഡ്‌സ് ഇന്ത്യ നിർമിച്ച ‘സതീഷ് ധവാൻ ഉപഗ്രഹ’ (എസ്.ഡി. സാറ്റ്)വും ഉൾപ്പെടും. ഈ ഉപഗ്രഹത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. കെ. ശിവൻ ഉൾപ്പെടെ രാജ്യത്തെ 5,000-ത്തോളം വ്യക്തികളുടെ പേരുകളും ഉണ്ടാകും.

637 കിലോഗ്രാം ഭാരമുള്ള ഭൗമനിരീക്ഷണ ഉപഗ്രഹമായ ആമസോണിയ-1 ആമസോൺ മേഖലയിലെ വനനശീകരണം നിരീക്ഷിക്കാനും ബ്രസീലിന്റെ ഭൂപ്രദേശത്തെ കൃഷിവൈവിധ്യങ്ങൾ വിലയിരുത്താനും ഉപകരിക്കും. ഇന്ത്യയിൽനിന്ന് വിക്ഷേപിക്കുന്ന ബ്രസീലിന്റെ ആദ്യത്തെ ഉപഗ്രഹമാണ് ആമസോണിയ -1.

കോവിഡിന്റെ പശ്ചാത്തലത്തിൽ ശ്രീഹരിക്കോട്ടയിൽ മാധ്യമപ്രവർത്തകർക്ക് വിലക്കുണ്ടാകും. ഐ.എസ്.ആർ.ഒ.യുടെ വെബ്‌സൈറ്റിലും യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ വഴിയും വിക്ഷേപണത്തിന്റെ തത്സമയ സംപ്രേഷണം ഉണ്ടാകും.

Content Highlights: ISRO PSLV-C51 Launch on February 28 With Brazil's Amazonia-1 Satellite on Board