ബെംഗളൂരു: ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിനിടെ അവസാനനിമിഷത്തിൽ ആശയവിനിമയ ബന്ധം നഷ്ടമായ ലാൻഡറിനെ (ചന്ദ്രയാൻ-2 പേടകത്തിന്റെ ഭാഗം) ഓർബിറ്റർ കണ്ടെത്തിയെന്ന് ഐ.എസ്.ആർ.ഒ. ചന്ദ്രന്റെ ഭ്രമണപഥത്തിൽ ചുറ്റുന്ന ഓർബിറ്റർ ഉപയോഗിച്ച് ലാൻഡറുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ് ഐ.എസ്.ആർ.ഒ.

ലാൻഡറിന്റെ തെർമൽ ചിത്രം ലഭിച്ചിട്ടുണ്ടെന്നും ആശയവിനിമയം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. കെ. ശിവൻ പറഞ്ഞു. ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയെന്നാണു കരുതുന്നത്. ഇടിച്ചിറങ്ങിയതിലൂടെ ലാൻഡറിലെ ഉപകരണങ്ങൾക്ക് കേടുപാടുകൾ പറ്റിയിട്ടുണ്ടോയെന്ന കാര്യത്തിൽ കൂടുതൽ വിശകലനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രന്റെ ഇരുണ്ട ദക്ഷിണധ്രുവത്തിൽ ചിത്രം കിട്ടാൻ ബുദ്ധിമുട്ടുണ്ട്. എന്നാൽ, ഇതിനെ മറികടക്കാൻ ശേഷിയുള്ള ഓർബിറ്ററിലെ ശക്തിയേറിയ ക്യാമറയാണ് തെർമൽ ഇമേജിങ് നടത്തിയത്. ഓർബിറ്ററെടുത്ത ചിത്രം പരിശോധിച്ച് ലാൻഡർ കിടക്കുന്ന സ്ഥലവും കേടുപാടുകളും വിലയിരുത്താനുള്ള ശ്രമത്തിലാണ് ഐ.എസ്.ആർ.ഒ.

ലാൻഡറിന് കേടുപറ്റിയിട്ടില്ലെങ്കിൽ പേലോഡുകൾ പ്രവർത്തിപ്പിക്കാൻ കഴിയും. പ്രതലത്തിൽ സഞ്ചരിച്ച് ഗവേഷണം നടത്തുന്ന റോവറിനെ പ്രവർത്തനക്ഷമമാക്കാനും കഴിയും. എന്നാൽ, ആശയവിനിമയ ബന്ധമില്ലാത്തതിനാൽ ലാൻഡറിന്റെ പ്രവർത്തനക്ഷമതയറിയാൻ കഴിഞ്ഞിട്ടില്ലെന്നും ചെയർമാൻ പറഞ്ഞു.

രണ്ടാഴ്ചയ്ക്കുള്ളിൽ ബന്ധം സ്ഥാപിക്കാൻ ശ്രമം

ലാൻഡറിന്റെയും റോവറിന്റെയും ആയുസ്സ് ചന്ദ്രനിലെ ഒരു പകലാണ് (ഭൂമിയിലെ 14 ദിനം). ഇതിനുള്ളിൽ ബന്ധം പുനഃസ്ഥാപിക്കാനാണു ശ്രമം. സൂര്യപ്രകാശമില്ലാത്തതിനാൽ 14 ദിവസം താപനില മൈനസ് 180 ഡിഗ്രി വരെയാണ്. ഇതിൽ ഉപകരണങ്ങൾ നശിക്കാൻ സാധ്യതയേറെയാണ്.

നേരത്തേ ഇറങ്ങാൻ നിശ്ചയിച്ച ദക്ഷിണധ്രുവത്തിലെ രണ്ട് ഗർത്തങ്ങൾക്കിടയിലുള്ള പ്രതലത്തിന്റെ 500 മീറ്റർ അകലെയാണ് ലാൻഡർ ഉള്ളതെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ചന്ദ്രോപരിതലത്തിന്റെ 2.1 കിലോമീറ്റർ ഉയരെവെച്ചാണ് ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമാകുന്നത്. അതിനാൽ സാവധാനം ഇറങ്ങാനുള്ള സാധ്യതയും ഐ.എസ്.ആർ.ഒ. തള്ളുന്നില്ല. ലാൻഡറിൽനിന്നു സിഗ്‌നൽ ലഭിക്കുന്നുണ്ടോയെന്ന വിശദീകരണത്തിന് കൂടുതൽ വിശകലനം ആവശ്യമാണ്. ഇതിനാണ് ശാസ്ത്രജ്ഞർ ശ്രമിക്കുന്നത്.

സോഫ്റ്റ്‌ലാൻഡിങ് വീഴ്ച പരിശോധിക്കാൻ സമിതി

ലാൻഡർ സാവധാനം ഇറക്കുന്നതിലുണ്ടായ വീഴ്ച പരിശോധിക്കാൻ ഐ.എസ്.ആർ.ഒ. വിശകലനസമിതി രൂപവത്കരിച്ചു. ചന്ദ്രന്റെ 30 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽനിന്ന് ചന്ദ്രോപരിതലത്തിലേക്ക് നാലുഘട്ടമായി ലാൻഡറിനെ ഇറക്കാനായിരുന്നു പദ്ധതി. ഇതിൽ മൂന്നെണ്ണവും വിജയിച്ചു. അവസാന ഘട്ടത്തിലാണ് വീഴ്ചയുണ്ടായത്.

ചന്ദ്രന്റെ ഗുരുത്വാകർഷണത്തെ പ്രതിരോധിക്കാനുള്ള അഞ്ച് എൻജിനുകളിൽ (ത്രസ്റ്ററുകൾ) ഏതെങ്കിലും ഒന്നിന് തകരാർ വന്നതാണ് വീഴ്‌ചയ്ക്കു കാരണമെന്നാണു നിഗമനം. എൻജിൻ എതിർദിശയിൽ ജ്വലിപ്പിച്ചാണ് ലാൻഡറിന്റെ വേഗം കുറച്ചത്. ഇതിൽ ചെറിയ വീഴ്ചയുണ്ടായാലും തകരാനിടയാകും. ലാൻഡറുമായി ആശയവിനിമയം സ്ഥാപിക്കാൻ നാസയുടെ ഡീപ് സ്പേസ് നെറ്റ്‌വർക്ക് കേന്ദ്രവുമായി ബന്ധപ്പെട്ടിരുന്നു.

content highlights: Isro locates lander Vikram on Moon