ബെംഗളൂരു: ഇന്ത്യൻ ബഹിരാകാശ ഗവേഷണകേന്ദ്രം (ഐ.എസ്.ആർ.ഒ.) ചെറിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനുതകുന്ന പുതിയതരം റോക്കറ്റ് തയ്യാറാക്കി. സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്.എസ്.എൽ.വി)-ഡി.ഒന്ന് എന്ന പേരിലുള്ള റോക്കറ്റ് മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ വിക്ഷേപണത്തിന് സജ്ജമാകുമെന്ന് ഐ.എസ്.ആർ.ഒ. അറിയിച്ചു. പുതുതായി വികസിപ്പിച്ച റോക്കറ്റിന്റെ ആദ്യവിക്ഷേപണത്തിൽ ഭൗമ നിരീക്ഷണ ഉപഗ്രമായ ഇ.ഒ.എസ്-രണ്ട് ആണ് ഉൾപ്പെടുത്തുകയെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ കെ. ശിവൻ അറിയിച്ചു.

ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിന്റെ ആവശ്യകത വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇതിനുപറ്റിയ വിക്ഷേപണവാഹനം തയ്യാറാക്കിയത്. ചെറിയ ഉപഗ്രഹങ്ങൾക്കായി വലിയ വിക്ഷേപണവാഹനം ഉപയോഗിക്കുന്നതിനെക്കാൾ എളുപ്പമായിരിക്കും ഇത്. ചെലവും കുറയും. നാനോഉപഗ്രഹങ്ങളും മൈക്രോ ഉപഗ്രഹങ്ങളും ഇതിൽ അയക്കാനാകും.

അഞ്ചുതരം ഉപഗ്രഹവിക്ഷേപണ റോക്കറ്റുകളാണ് ഐ.എസ്.ആർ.ഒ. ഇതുവരെ വികസിപ്പിച്ചിട്ടുള്ളത്. എസ്.എൽ.വി.-മൂന്ന്, എ.എസ്.എൽ.വി., പി.എസ്.എൽ.വി., ജി.എസ്.എൽ.വി., ജി.എസ്.എൽ.വി.-എം.കെ.മാർക്ക് മൂന്ന് എന്നിവയാണവ. ആറാമത്തെ വിക്ഷേപണറോക്കറ്റാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്. ഉപഗ്രഹം തയ്യാറായാൽ 72 മണിക്കൂറുകൾകൊണ്ട് വിക്ഷേപണ റോക്കറ്റ് സജ്ജമാക്കാനാകും.

500 കിലോവരെ ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിക്കാൻശേഷിയുള്ള റോക്കറ്റാണിത്. ആവശ്യത്തിനനുസരിച്ച് വിക്ഷേപണവാഹനം ഒരുക്കിനൽകുന്ന ലോഞ്ച് ഓൺ ഡിമാൻഡ് രീതിയിൽ ഇത് വിക്ഷേപണത്തിന് സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്.

Content Highlights: ISRO Gears Up to Launch New-Generation Mini Rocket SSLV on Maiden Flight