ചെന്നൈ: എട്ടുമാസത്തിനുള്ളില്‍ ചന്ദ്രയാന്‍-2 അടക്കം ഒമ്പതു വിക്ഷേപണങ്ങള്‍ക്ക് ഇന്ത്യന്‍ ബഹിരാകാശഗവേഷണ സംഘടന(ഐ.എസ്.ആര്‍.ഒ.) പദ്ധതിയിട്ടിരിക്കുന്നതായി ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ അറിയിച്ചു. വ്യാഴാഴ്ച ശ്രീഹരിക്കോട്ടയില്‍ ഇന്ത്യന്‍ ഗതിനിര്‍ണയ ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്.എസ്. -1 ഐയുടെ വിക്ഷേപണവിജയത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എട്ടുമാസത്തിനുള്ളില്‍ ജിസാറ്റ്, പി.എസ്.എല്‍.വി. ശ്രേണികളില്‍ ഉള്‍പ്പെടെ ഒമ്പതു വിക്ഷേപണങ്ങള്‍ പൂര്‍ത്തിയാക്കും. വര്‍ഷാവസാനത്തോടെ ചന്ദ്രയാന്‍- 2 വിക്ഷേപിക്കാനാണ് ലക്ഷ്യമെന്നും ഡോ. കെ. ശിവന്‍ അറിയിച്ചു. 5.7 ടണ്‍ ഭാരമുള്ള ജിസാറ്റ്- 11 പ്രധാനപ്പെട്ടതാണ്. ഏറ്റവും കൂടുതല്‍ ഭാരമുള്ള ഉപഗ്രഹമാണ് ഇതിലൂടെ ബഹിരാകാശത്തെത്തുന്നത്. ജിസാറ്റ്- 29, ജിസാറ്റ് 7 എ, ഡിജിസാറ്റ്, ഓഷ്യന്‍സാറ്റ്-3, ജിസാറ്റ്- 1, ആര്‍.ഐ.സാറ്റ്- 1 എ തുടങ്ങയവയാണ് മറ്റു ദൗത്യങ്ങള്‍. ഐ.എസ്.ആര്‍.ഒ. സാമ്പത്തികഞെരുക്കത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളി. 2018-'19 സാമ്പത്തികവര്‍ഷത്തേക്ക് ബഹിരാകാശവകുപ്പിന് കേന്ദ്രബജറ്റില്‍ 10,783 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 2017-'18 കാലയളവില്‍ ഇത് 9155. 52 കോടി രൂപയായിരുന്നു.