ശ്രീനഗർ: ഇന്ത്യയിൽ ആദ്യമായി ഒരു പ്രവിശ്യയുണ്ടാക്കിയെന്ന് ആഗോള ഭീകരസംഘടനയായ ഐ.എസിന്റെ അവകാശവാദം. ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഐ.എസ്. പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്.

ഐ.എസിന്റെ അമാഖ് വാർത്താ ഏജൻസിയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. പ്രവിശ്യയ്ക്ക് ‘വിലായ ഓഫ് ഹിന്ദ്’ (ഇന്ത്യയിലെ പ്രവിശ്യ) എന്നാണ് പേരുനൽകിയിരിക്കുന്നതെന്നും കശ്മീരിലെ ഷോപിയാൻ ജില്ലയിലെ അംഷിപോറ പട്ടണത്തിൽ ഇന്ത്യൻ സൈനികർക്ക് ഐ.എസ്. നാശനഷ്ടം വരുത്തിയതായും ഏജൻസി റിപ്പോർട്ടുചെയ്തു. ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലിൽ ഇഷ്ഫാഖ് അഹമ്മദ് സോഫിയെന്ന ഭീകരൻ കൊല്ലപ്പെട്ടുവെന്ന് വെള്ളിയാഴ്ച ജമ്മുകശ്മീർ പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇയാൾ ഐ.എസ്. പ്രവർത്തകനാണെന്നാണ് അവകാശവാദം.

ഇറാഖിലും സിറിയയിലും ‘ഖലീഫ ഭരണം’ അവസാനിപ്പിച്ചതായി ഏപ്രിലിൽ ഐ.എസ്. അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കശ്മീരിൽ പ്രവിശ്യയ്ക്ക് രൂപം കൊടുത്തതായുള്ള അവരുടെ അവകാശവാദം പുറത്തുവരുന്നത്.

content highlights: ISIS claims it has established a new “province” in India