പഠാന്‍കോട്ട്: കഴിഞ്ഞമാസം ആദ്യം ഭീകരാക്രമണമുണ്ടായ പഠാന്‍കോട്ടുനിന്ന് പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐയുടെ ഏജന്റെന്ന് കരുതുന്നയാളെ പഞ്ചാബ് പോലീസ് കസ്റ്റഡിയിലെടുത്തു.

മാംനൂണ്‍ കന്റോണ്‍മെന്റിലെ സേനയുടെ 29 ഡിവിഷന്റെ ആസ്ഥാനത്ത് കൂലിത്തൊഴിലാളിയായി ജോലിചെയ്തുവന്ന ഇര്‍ഷാദ് അഹമ്മദാണ് പിടിയിലായത്. രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.

ഇര്‍ഷാദിന്റെ മൊബൈല്‍ ഫോണില്‍ പഠാന്‍കോട്ടെ തന്ത്രപ്രധാനകെട്ടിടങ്ങളുടെ ഒട്ടേറെ ഫോട്ടോകള്‍ കണ്ടെത്തിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചു. ഇന്ത്യയുടെ ഏറ്റവും പ്രധാന സേനാതാവളങ്ങളിലൊന്നാണ് പഠാന്‍കോട്ടേത്.

സുരക്ഷ ശക്തമാക്കിയിട്ടും പഠാന്‍കോട്ട് ഭീകരരുടെ ആക്രമണലക്ഷ്യങ്ങളിലൊന്നായി തുടരുന്നു എന്നതിന് തെളിവാണ് ഇര്‍ഷാദിന്റെ അറസ്റ്റെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞമാസം ഇവിടെനടന്ന ഭീകരാക്രമണവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് കരുതാന്‍തക്ക തെളിവുകള്‍ കിട്ടിയിട്ടില്ല.

ഐ.എസ്.ഐയുടെ നിര്‍ദേശങ്ങള്‍ ഇര്‍ഷാദിന് ലഭിച്ചിരുന്നത് എങ്ങനെയെന്ന അന്വേഷണമാണ് നടക്കുന്നത്. ജമ്മുവിലുള്ള സജ്ജദ് എന്നയാളാണ് ഇയാള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതെന്നാണ് അനുമാനം. മാംനൂണ്‍ കന്റോണ്‍മെന്റിനുള്ളിലെ തന്ത്രപ്രധാന കെട്ടിടങ്ങളുടെയും ഉപകരണങ്ങളുടെയും ഫോട്ടോയെടുത്ത് സജ്ജദിന് അയയ്ക്കുകയായിരുന്നു ഇയാളെന്ന് അധികൃതര്‍ പറഞ്ഞു.

നിയമവിരുദ്ധമായി ആയുധം കൈവശംവെച്ചതിന് സജ്ജദ് അടുത്തിടെ അറസ്റ്റിലായിരുന്നു. ഇര്‍ഷാദിനും പാകിസ്താനുമിടയിലുള്ള കണ്ണി ഇയാളാണെന്നാണ് കരുതുന്നത്. ഇര്‍ഷാദ് നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സജ്ജദിനെ ചോദ്യം ചെയ്യുമെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. ജനവരി രണ്ടിനാണ് ആറ്് പാക് ഭീകരര്‍ പഠാന്‍കോട്ട് വ്യോമതാവളം ആക്രമിച്ചത്.