ന്യൂഡല്‍ഹി: മുംബൈയില്‍ 2008-ല്‍ നടന്ന തീവ്രവാദി ആക്രമണം പാകിസ്താന്‍ പട്ടാളത്തിന്റെയും പാക് സൈന്യത്തിന്റെ ചാര സംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന്റെയും പിന്തുണയോടെയായിരുന്നുവെന്ന് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി.

മുംബൈ തീവ്രവാദി ആക്രമണത്തില്‍ ശിക്ഷിക്കപ്പെട്ട പാകിസ്താന്‍ -അമേരിക്കന്‍ വംശജനായ തീവ്രവാദിയാണ് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) നടത്തിയ ചോദ്യം ചെയ്യലിലാണ് ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍.

പാക് ആസ്ഥാനമായുള്ള തീവ്രവാദി സംഘടന ലഷ്‌കര്‍ ഇ തൊയ്ബയാണ് മുംബൈ തീവ്രവാദി ആക്രമണത്തിന് ചുക്കാന്‍ പിടിച്ചതെന്നും ലഷ്‌കര്‍ തലവന്‍ ഹാഫിസ് സയീദിന്റെ അനുമതിയോടെയായിരുന്നു ഇതെന്നും ഹെഡ്‌ലി വെളിപ്പെടുത്തി.

ശിക്ഷിക്കപ്പെട്ട് അമേരിക്കയില്‍ ജയിലില്‍ കഴിയുന്ന ഹെഡ്‌ലി തിങ്കഴാഴ്ച മുംബൈ കോടതിയില്‍ മൊഴി നല്‍കാനിരിക്കേയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയായിരിക്കും ഹെഡ്‌ലി മൊഴി നല്‍കുക.

മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളില്‍ തന്റെ നിയന്ത്രണം ഐ.എസ്.ഐ.യിലെ മേജര്‍ ഇഖ്ബാലിനും സമീര്‍ അലിക്കുമായിരുന്നുവെന്നും ഹെഡ്‌ലി വെളിപ്പെടുത്തി. ലഷ്‌കര്‍ നേതാവും ആക്രമണത്തിന്റെ സൂത്രധാരനുമായ സക്കീ ഉര്‍ റഹ്മാന്‍ ലഖ്വിയുടെ ചുമതല ഐ.എസ്.ഐ.യിലെ ബ്രിഗേഡിയര്‍ റിവാസിനായിരുന്നുവെന്ന് ഹെഡ്‌ലി അന്വേഷണസംഘത്തെ അറിയിച്ചു.

ആക്രമണത്തിനുമുമ്പ് ആക്രമണ ലക്ഷ്യങ്ങള്‍ വിലയിരുത്താനും പരിശോധിക്കാനും ഐ.എസ്.ഐ.യാണ് പണം നല്‍കിയെതെന്നും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ ഉപരാഷ്ട്രപതിയുടെ ഔദ്യോഗികവസതി, ഇന്ത്യാഗേറ്റ്, സി.ബി.ഐ. ആസ്ഥാനം എന്നിവയും താന്‍ വീക്ഷിച്ചിരുന്നുവെന്നും ഹെഡ്‌ലി വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

മുംബൈ ആക്രമണത്തില്‍ ശിക്ഷിക്കപ്പെട്ട ഹെഡ്‌ലി അമേരിക്കയില്‍ ജയിലില്‍ 35 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ നീതിന്യായ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വിദേശ തീവ്രവാദി വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിയില്‍ മൊഴി നല്‍കുന്നതെന്ന് മുംബൈ ആക്രമണക്കേസിലെ പബ്‌ളിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം പറഞ്ഞു.