ന്യൂഡല്‍ഹി: ഇന്ത്യയുടെയും പാകിസ്താന്റെയും ചാരസംഘടനകളുടെ മുന്‍തലവന്‍മാര്‍ ചേര്‍ന്നെഴുതിയ പുസ്തകത്തില്‍ കൊച്ചിയില്‍നിന്നുള്ള രക്ഷപ്പെടല്‍ കഥയും. പുസ്തകത്തിന്റെ രചയിതാക്കളില്‍ ഒരാളായ ഐ.എസ്.ഐ.യുടെ (ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ്) മുന്‍മേധാവി ലഫ്. ജനറല്‍ അസദ് ദുറാനിയുടെ മകന്‍ ഉസ്മാനാണ് കൊച്ചിയിലെത്തിയതും ഇരുചെവിയറിയാതെ പാകിസ്താനില്‍ തിരിച്ചെത്തിയതും. അതിനു സഹായിച്ചതാകട്ടെ റോയുടെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്) മുന്‍ സെക്രട്ടറി അമര്‍ജിത് സിങ് ദുലതും. ദുലതും ദുറാനിയും ചേര്‍ന്നെഴുതിയ 'ചാരചരിത്രം' (ദ സ്‌പൈ ക്രോണിക്കിള്‍സ്: റോ, ഐ.എസ്.ഐ. ആന്‍ഡ് ദ ഇലൂഷന്‍ ഓഫ് പീസ്) എന്ന പുസ്തകത്തിലാണ് ഈ സംഭവത്തിന്റെ വിവരണമുള്ളത്. മാധ്യമപ്രവര്‍ത്തകന്‍ ആദിത്യ സിന്‍ഹയാണ് പുസ്തകം തയ്യാറാക്കിയത്.

കൊച്ചിയിലേക്കുള്ള വരവും പോക്കും

2015 മേയിലാണ് ഉസ്മാന്‍ ദുറാനി കൊച്ചിയിലെത്തിയത്. ജര്‍മന്‍ കമ്പനിയില്‍ 'ജോലി'ക്കായായിരുന്നു വരവ്. ഉസ്മാനോട് ഇന്ത്യവിടണമെന്ന ഉത്തരവ് വൈകാതെയെത്തി. വന്നവഴിയിലൂടെ തിരിച്ചുപോകണമെന്നാണ് വിസ ചട്ടം. മുംബൈ വഴിയുള്ള വിമാനത്തിലാണ് അദ്ദേഹത്തിന്റെ കമ്പനി ടിക്കറ്റെടുത്തുകൊടുത്തത്.

മുംബൈയിലെത്തിയ ഉസ്മാനെ വിമാനത്താവളത്തില്‍ അധികൃതര്‍ തടഞ്ഞു. മുംബൈ ഭീകരാക്രമണത്തിനുശേഷം ഇന്ത്യ-പാകിസ്താന്‍ ബന്ധം മോശമായ സമയമായിരുന്നു അത്. ആ സമയത്ത് മകന്‍ മുംബൈയിലുണ്ടായാലുള്ള സ്ഥിതിയോര്‍ത്ത് ദുറാനി പരിഭ്രമിച്ചു. ഉസ്മാനെ അറസ്റ്റുചെയ്തു ജയിലിലടയ്ക്കാന്‍ മുംബൈ സ്‌പെഷ്യല്‍ ബ്രാഞ്ച് ഒരുക്കം നടത്തി. സഹായത്തിന് ദുറാനി വിളിച്ചത് ദുലത്തിനെയാണ്. മകനെ സഹായിക്കണം എന്നായിരുന്നു ഫോണിലൂടെയുള്ള അഭ്യര്‍ഥന. 'എല്ലാം ശരിയാവും' എന്ന ഉറപ്പായിരുന്നു ദുലത്തിന്റെ മറുപടി.

റോയുടെ അന്നത്തെ തലവന്‍ രജീന്ദര്‍ ഖന്നയുള്‍പ്പെടെയുള്ളവരെ ഫോണ്‍ ചെയ്യുകയാണ് ദുലത് ഉടന്‍ ചെയ്തത്. ഉസ്മാനെ സുരക്ഷിതമായി പുറത്തുകടത്തണം. അതായിരുന്നു ആ വിളികളുടെ സാരം. ഫലം 24 മണിക്കൂറിനകം ഉണ്ടായി. ഇന്ത്യയില്‍ തടവുകാരനായി കഴിയേണ്ടിയിരുന്ന ഉസ്മാന്‍ ജര്‍മനിയിലേക്കു മടങ്ങി. ഒരു ദിവസം മുംബൈയില്‍ കസ്റ്റഡിയില്‍ കഴിയേണ്ടിവന്നെന്നതൊഴിച്ചാല്‍ അദ്ദേഹത്തിന് ഒന്നും സംഭവിച്ചില്ല. ജര്‍മനിയില്‍നിന്ന് ഉസ്മാന്‍ പാകിസ്താനില്‍ ദുറാനിയുടെ അരികിലെത്തി.

ജാധവിന്റെ അറസ്റ്റ്

നാവികസേനയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാധവിനെ പാകിസ്താന്‍ ജയിലിലടച്ചതിനെക്കുറിച്ചുള്ള ഇരുവരുടെയും സംഭാഷണവും പുസ്തകത്തിലുണ്ട്. 'റോ'യുടെ ചാരനെന്നാരോപിച്ചാണ് ജാധവിനെ പാകിസ്താന്‍ അറസ്റ്റു ചെയ്തത്. പത്രസമ്മേളനത്തിലൂടെയാണ് അറസ്റ്റുവിവരം അറിയിച്ചത്. അറസ്റ്റും അനുബന്ധ സംഭവങ്ങളും ഇരുരാജ്യങ്ങളും തെറ്റായരീതിയിലാണ് കൈകാര്യം ചെയ്തതെന്ന് ദുലത് പറയുന്നു: 'അതു പുറത്തുപറയരുതായിരുന്നു. വാസ്തവത്തില്‍ സുദുദ്ദേശ്യത്തോടെയായിരുന്നു അത് ഉപയോഗിക്കേണ്ടിയിരുന്നത്. ജനറല്‍ ജാന്‍ജുവ (പാകിസ്താന്റെ ഇപ്പോഴത്തെ ദേശീയസുരക്ഷാ ഉപദേഷ്ടാവ്) അജിത് ഡോവലിനെ (ഇന്ത്യയുടെ ദേശീയസുരക്ഷാ ഉപദേഷ്ടാവ്) വിളിച്ച് നിങ്ങളുടെ ഒരാള്‍ ഞങ്ങളുടെ കൈയിലുണ്ട്. പക്ഷേ, പരിഭ്രമിക്കേണ്ട, ഞങ്ങളയാളെ നോക്കിക്കോളാം. അയാളെ എന്തുചെയ്യണമെന്ന് സമയമാകുമ്പോള്‍ നിങ്ങള്‍ ഞങ്ങളോടു പറയുക. പക്ഷേ, അത്ര നല്ലതല്ല ഐ.എസ്.ഐ. അവര്‍ നേരെ അയാളെ ടി.വി.യില്‍ കാണിച്ചു.'

യു.എസ്. പോലെയൊരു സുഹൃദ്രാഷ്ട്രത്തില്‍നിന്ന് വിട്ടുകിട്ടുന്നതിനെക്കാള്‍ എളുപ്പമാണ് പാകിസ്താനില്‍നിന്ന് ജാധവിനെ കിട്ടാന്‍ എന്നും ദുലത് പറയുന്നു. അതിന് ദുറാനി മറുപടിയും നല്‍കുന്നുണ്ട്. 'നമ്മള്‍ നേരാംവണ്ണം കൈകാര്യം ചെയ്യുന്നില്ലെങ്കിലും ജാധവ് താമസിയാതെ തിരിച്ചുവരുമെന്നു ഞാന്‍ സമ്മതിക്കുന്നു ചങ്ങാതീ. അയാള്‍ ഇവിടെയുണ്ടെന്നുപറഞ്ഞ് റോയ്ക്ക് സന്ദേശമയക്കുകയായിരുന്നു വേണ്ടിയിരുന്നത്. അതുവെച്ച് കിട്ടാവുന്നത്ര നേട്ടമുണ്ടാക്കുക. ഉചിതമായ സമയത്ത് 'ശരിയായ വിലയ്ക്ക്' അയാളെ വിട്ടുകൊടുക്കുക.' എന്നാണ് ദുറാനിയുടെ വാക്കുകള്‍.

കശ്മീരില്‍ അതല്ലായിരുന്നു വേണ്ടത്

ഹുറിയത്ത് പാകിസ്താന്റെ സംഘമെന്ന് പുസ്തകത്തില്‍ ദുലത് പറയുന്നു. ഒപ്പം ഇതുകൂടി അദ്ദേഹം പറയന്നു; 'ഇന്ത്യക്ക് അതിന്റെ സംഘമുണ്ട്, പാകിസ്താന് അതിന്റെയും. അതിനിടയില്‍കിടക്കുകയാണ് കശ്മീരികള്‍.'

രാഷ്ട്രീയദിശാബോധം നല്‍കാനാണ് ഹുറിയത്തുണ്ടാക്കിയതെന്നാണ് ദുറാനി പറയുന്നത്. എന്നാല്‍ എല്ലാം കൈവിട്ടുപോയെന്നും ചോരനിറഞ്ഞ് കശ്മീര്‍ അശാന്തമായെന്നും അദ്ദേഹം പറയുന്നു. 1990-ല്‍ കശ്മീരില്‍ വിഘടനവാദം ആരംഭിച്ചപ്പോള്‍ ഐ.എസ്.ഐ.യുടെ മേധാവിയായിരുന്നു ദുറാനി. കശ്മീരിലെ കലാപം എത്രനീളുമെന്ന് വിലയിരുത്താനാവാത്തത് തന്റെ വലിയ വീഴ്ചയാണെന്ന് അദ്ദേഹം പറയുന്നു. അതു നീണ്ടുപോയപ്പോള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ആശങ്കപ്പെട്ടെന്നും അദ്ദേഹം പറയുന്നുണ്ട്.

ഡോവലിന്റേത് ഉരുക്കുമുഷ്ടി

2005 വരെ ഇന്ത്യയുടെ ചാരസംഘടനകളില്‍ അംഗമായിരുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഭരണം ഉരുക്കുമുഷ്ടികൊണ്ടാണെന്ന് ദുറാനി പറയുന്നു. 1980-ല്‍ ഇസ്ലാമാബാദിലെ ഇന്ത്യന്‍ സ്ഥാനപതികാര്യാലയത്തില്‍ ഡോവലുണ്ടായിരുന്നു. 'ഉരുക്കുമുഷ്ടിയുള്ള അയാളോടാണല്ലോ ഇടപെടേണ്ടത്' എന്നാണ് അന്ന് പാകിസ്താനും ഐ.എസ്.ഐ.യും വിചാരിച്ചിരുന്നത്. ദുലത്തിന് സഹപ്രവര്‍ത്തകനും നല്ല സുഹൃത്തുമാണ് ഡോവല്‍. ആരേയും വിശ്വസിക്കാത്ത പ്രകൃതക്കാരനും മികച്ച ഉദ്യോഗസ്ഥനുമാണ് അദ്ദേഹമെന്ന് ദുലത് പറയുന്നു.