അഹമ്മദാബാദ്‌: ഇസ്രത്ത് ജഹാന്‍, മലയാളിയായ ജാവേദ് ശൈഖ് എന്ന പ്രാണേഷ് പിള്ള എന്നിവരടക്കം നാലുപേരെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മുന്‍ ഗുജറാത്ത് ഡി.ജി.പി. പി.പി. പാണ്ഡെയുടെ വിടുതല്‍ ഹര്‍ജി അഹമ്മദാബാദിലെ സി.ബി.ഐ. കോടതി അംഗീകരിച്ചു. ഏഴ് പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായ കേസില്‍ വിചാരണയ്ക്കു മുന്‍പേ കുറ്റവിമുക്തനാകുന്ന ആദ്യയാളാണ് പാണ്ഡെ.

സൊഹ്‌റാബുദ്ദീന്‍ ശൈഖ് കേസില്‍ മുന്‍ മന്ത്രി അമിത് ഷായടക്കം 15 പേരുടെ വിടുതല്‍ ഹര്‍ജി മുംബൈ കോടതി അംഗീകരിച്ചതിനു പിന്നാലെയാണ് സമാനമായ ഇസ്രത്ത് ജഹാന്‍ കേസിലും ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ കുറ്റവിമുക്തനായത്. ഇസ്രത്ത് ജഹാന്‍, ജാവേദ് ശൈഖ്, പാകിസ്താന്‍ പൗരരായ അംജദ് റാണ, ശീഷന്‍ ജോഹര്‍ എന്നിവരെ തടവില്‍വെച്ച ശേഷം 2004 ജൂണ്‍ 15-ന് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ. കേസ്.

അന്ന് അഹമ്മദാബാദ് സിറ്റി ക്രൈംബ്രാഞ്ച് തലവനായിരുന്ന പി.പി. പാണ്ഡെയ്‌ക്കെതിരേ തെളിവൊന്നും ഇല്ലെന്ന് സി.ബി.ഐ. കോടതി പറഞ്ഞു. ഇരകളെ തട്ടിക്കൊ-ു വന്നതിനും കൊലപ്പെടുത്തിയതിനും പാണ്ഡെയ്ക്ക് എതിരേ സാക്ഷിമൊഴികളില്ല. വിവിധ അന്വേഷണ ഏജന്‍സികള്‍ക്ക് വ്യത്യസ്ത മൊഴികളാണ് സാക്ഷികള്‍ നല്‍കിയത്. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് സര്‍ക്കാരിന്റെ അനുമതി സി.ബി.ഐ. നേടിയിട്ടുമില്ല -കോടതി നിരീക്ഷിച്ചു.

മുഖ്യമന്ത്രി നരേന്ദ്രമോദിയെ വകവരുത്താന്‍ എത്തിയ ലഷ്‌കറെ തൊയ്ബ തീവ്രവാദികളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ വാദം. എന്നാല്‍, പോലീസിന്റെ പ്രത്യേക അന്വേഷണ സംഘവും മജിസ്‌ട്രേട്ടുതല അന്വേഷണവും സി.ബി.ഐ.യും ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് ക-െത്തി. 2013 ജൂലായില്‍ അറസ്റ്റിലായ പാണ്ഡെ 19 മാസം ജയിലില്‍ കഴിഞ്ഞു. 2015 ഫെബ്രുവരിയില്‍ ജാമ്യം കിട്ടി പുറത്തുവന്ന ഉടനെ അദ്ദേഹത്തെ എ.ഡി.ജി.പി.യായി ഗുജറാത്തിലെ ബി.ജെ.പി.സര്‍ക്കാര്‍ നിയമിച്ചു. പിന്നീട് ഡി.ജി.പി.യാക്കി.

വിരമിച്ചശേഷവും കാലാവധി നീട്ടിനല്‍കിയെങ്കിലും സുപ്രീംകോടതി ഇടപെട്ടതോടെ രാജിവെച്ചു. മുന്‍ ഡി.ജി.പി. ജൂലിയസ് റിബയ്‌റോയാണ് പാണ്ഡെയ്ക്ക് എതിരെ സുപ്രീംകോടതിയിലെത്തിയത്. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന പാണ്ഡെയുടെ ആവശ്യം മുമ്പ് ഹൈക്കോടതി തള്ളിയതാണ്. പിന്നീടാണ് വിചാരണ കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്.

വിടുതല്‍ ഹര്‍ജിയെ സി.ബി.ഐ.യും ഇരകളുടെ അഭിഭാഷകരും എതിര്‍ത്തിരുന്നു. പാണ്ഡെ ഗൂഢാലോചന നടത്തിയതും ഇസ്രത്ത് ജഹാനെയും ജാവേദ് ശൈഖിനെയും കസ്റ്റഡിയില്‍ ക-തും സാക്ഷിമൊഴികള്‍ സാധൂകരിക്കുന്നുവെന്ന് ഇവര്‍ വാദിച്ചു. മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രജീന്ദ്രകുമാര്‍ അടക്കം നാല് ഐ.ബി. ഉദ്യോഗസ്ഥര്‍ക്കെതിരേയും ഇതേ കേസില്‍ സി.ബി.ഐ. അനുബന്ധ കുറ്റപത്രം തയ്യാറാക്കിയിരുന്നു. ഈ പ്രതികളുടെ ഹര്‍ജികളും കോടതിയുടെ പരിഗണനയിലാണ്.