മുംബൈ: കോടികൾ പൊടിച്ചുള്ള ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ റിലയൻസ് ഉടമയും ഇന്ത്യയിലെ ഏറ്റവും ധനികനുമായ മുകേഷ് അംബാനിയുടെ മകൾ ഇഷാ അംബാനിയും വ്യവസായി ആനന്ദ് പിരാമലും വിവാഹിതരായി. തെക്കൻ മുംബൈയിലുള്ള മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്റിലിയയിൽ ബുധനാഴ്ച രാത്രി വിവാഹച്ചടങ്ങുകൾ നടന്നു. ഒരാഴ്ചയായി നീളുന്ന വിവാഹാഘോഷങ്ങൾ, വെള്ളിയാഴ്ച നടക്കാനിരിക്കുന്ന റിസപ്ഷനോടെ അവസാനിക്കുമ്പോൾ, െചലവ് നൂറുകോടി രൂപ കടക്കും.

സ്വർണനാണയവും ചെയിനും ചേർത്തു നൽകിയ വിവാഹക്ഷണക്കത്ത് ആദ്യംതന്നെ വാർത്തയിൽ ഇടംപിടിച്ചിരുന്നു. ഡിസംബർ ഏഴ് മുതൽ ഒമ്പത് വരെ രാജസ്ഥാനിലെ ഉദയ്‌പുരിൽ നടന്ന വിവാഹപൂർവച്ചടങ്ങുകളിൽ രണ്ടായിരത്തോളം അതിഥികളാണ് പങ്കെടുത്തത്. ഇന്ത്യയുടെ അകത്തുംപുറത്തും നിന്ന് പ്രമുഖരുടെ നീണ്ടനിരയാണ് അംബാനിയുടെ ആതിഥ്യം സ്വീകരിച്ച് എത്തിച്ചേർന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉദയ്‌പുരിലേക്ക് അതിഥികളെ എത്തിച്ചത് നൂറിലധികം ചാർട്ടേഡ് ഫ്ളൈറ്റുകളിലാണ്.

നാലുദിവസം നീണ്ട ഉദയ്‌പുരിലെ സത്കാരങ്ങളിൽ അയ്യായിരത്തിലധികം പ്രദേശവാസികൾക്ക് മൂന്നുനേരത്തെ ഭക്ഷണവും അംബാനി നൽകി. മുംബൈയിലെ ഒബ്‌റോയ് ഹോട്ടലിൽ നടന്ന ആഘോഷത്തിൽ അതിഥികളെ ആസ്വദിപ്പിക്കാൻ എത്തിയത് ലോകത്ത് ഏറ്റവും പ്രതിഫലം കൈപ്പറ്റുന്ന ഗായികമാരിൽ ഒരാളായ ബിയോൺസാണ്. അമേരിക്കൻ പോപ്പ് ഗായികയ്ക്ക് 28 കോടിരൂപയോളം നൽകിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബുധനാഴ്ച വൈകീട്ട് മൂന്നിനാണ് ചടങ്ങുകൾ തുടങ്ങിയത്. അലങ്കരിച്ച കുതിരപ്പുറത്തെത്തിയ വരൻ ആനന്ദിനെ ഇഷയുടെ സഹോദരങ്ങളും കുടുംബാംഗങ്ങളും ചേർന്നു സ്വീകരിച്ചു. രാത്രി 8.30-ഓടെയാണ് വിവാഹച്ചടങ്ങുകൾ നടന്നത്. യു.എസ്. മുൻ പ്രഥമവനിത ഹില്ലരി ക്ലിന്റൺ, വ്യവസായി ഹെന്റി ക്രാവിസ് തുടങ്ങി കടൽ കടന്നെത്തിയ പ്രമുഖർക്കൊപ്പം രാജ്യത്തെ രാഷ്ട്രീയ-സാംസ്കാരിക മേഖലയിൽ നിന്നുള്ള ഒട്ടുമിക്ക ആളുകളും വിവാഹത്തിൽ പങ്കെടുത്തു. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, മുൻ ധനമന്ത്രി പി. ചിദംബരം, ക്രിക്കറ്റ് താരങ്ങളായ സച്ചിൻ തെണ്ടുൽക്കർ, ഹർഭജൻ സിങ്, സിനിമാതാരങ്ങളായ രജനീകാന്ത്, അമിതാഭ് ബച്ചൻ, ഐശ്വര്യ റായ്, ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, നിക്ക് ജൊനാസ്, ആമിർ ഖാൻ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

content highlights: isha ambani wedding