ന്യൂഡൽഹി: രാജ്യം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഒരുങ്ങുന്നതിനിടെ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്.) അനുഭാവികളായ മൂന്നു ഭീകരർ‍ വ്യാഴാഴ്ച ഡൽഹിയിൽ പോലീസിന്റെ പിടിയിലായി.

ഡൽഹിയിലെ തലസ്ഥാന നഗരപരിസരത്തും ഉത്തർപ്രദേശിലും ഭീകരാക്രമണങ്ങൾ നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. വടക്കുകിഴക്കൻ ഡൽഹിയിലെ വസീറാബാദിൽ നിന്ന് ഏറ്റുമുട്ടലിലൂടെയാണ് ഇവരെ പിടികൂടിയത്. ഖ്വാജ മൊയ്‌തീൻ (52), അബ്ദുൾ സമദ് (28), സൈദ് അലി നവാസ് (32) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് സംശയാസ്പദമായ വസ്തുക്കൾ കണ്ടെടുത്തു.

ഡൽഹി പോലീസിന്റെ പ്രത്യേകാന്വേഷണസംഘം ലോധി കോളനിയിലെ പ്രത്യേകകേന്ദ്രത്തിൽ ഇവരെ ചോദ്യംചെയ്തുവരികയാണ്. ഇവരിൽനിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പലയിടങ്ങളിലും തിരച്ചിൽ തുടങ്ങിയതായി പോലീസ് പറഞ്ഞു.

Content Highlight : IS terror module busted in Delhi, 3 arrested