മുംബൈ: കാപ്‌സ്യൂൾ മുറികളുമായി റെയിൽവേയുടെ ആദ്യത്തെ ‘പോഡ് ഹോട്ടൽ’ മുംബൈയിൽ ഒരുങ്ങുന്നു. ചുരുങ്ങിയ സ്ഥലത്ത് മിതമായ നിരക്കിൽ ആധുനിക സൗകര്യങ്ങളുള്ള വിശ്രമ കേന്ദ്രമാണ് ഇവിടെ ലഭ്യമാവുക. കൊച്ച് അറകളായി ഒരുക്കുന്ന വിശ്രമമുറികളെയാണ് ‘പോഡ്’ എന്നു വിളിക്കുന്നത്. ജപ്പാനിലെ വിനോദസഞ്ചാരമേഖലയുടെ മുഖമുദ്രയായ പോഡിനെ ഐ.ആർ.സി.ടി.സി.യും പോഡ് ഹോട്ടലുകൾ സജ്ജമാക്കുന്ന അർബൻ പോഡ് എന്ന സ്വകാര്യ സ്ഥാപനവും ചേർന്നാണ് ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകളിൽ അവതരിപ്പിക്കുന്നത്. മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലാണ് ആദ്യത്തെ പോഡ് ഹോട്ടൽ ഒരുക്കിയിട്ടുള്ളത്. ഇത് അടുത്തയാഴ്ച സഞ്ചാരികൾക്കായി തുറന്നുകൊടുത്തേക്കും.

എയർ കണ്ടീഷൻചെയ്ത ഓരോപോഡിലും കിടക്കയും ടെലിവിഷനും വൈ ഫൈ സംവിധാനവും വായിക്കാനുള്ള വിളക്കുകളും മൊബൈൽ ഫോൺ ചാർജുചെയ്യാനുള്ള സോക്കറ്റും ഉണ്ടാവും. സാധനങ്ങൾ വെക്കാനുള്ള ലോക്കറും കുളിമുറിയും കക്കൂസും പൊതുവായി ഒരുക്കും. സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്ന രീതിയിലാണ് ഇവ രൂപകൽപ്പന ചെയ്തിട്ടുള്ളത്.

മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ താഴത്തെനിലയിൽ ഇത്തരം 48 പോഡുകളാണ് ഒരുക്കുന്നത്. ഇതിൽ 30 എണ്ണം ക്ലാസിക് പോഡുകൾ എന്നറിയപ്പെടുന്ന സാധാരണ മുറികളാണ്. കുറച്ചുകൂടിസൗകര്യമുള്ള 10 പ്രൈവറ്റ് പോഡുകളും സ്ത്രീകൾക്ക്‌ മാത്രം നൽകുന്ന ഏഴ് ലേഡീസ് പോഡുകളും ഉണ്ട്. ഒരെണ്ണം ഭിന്ന ശേഷിക്കാർക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. 12 മണിക്കൂർ നേരത്തെ ഉപയോഗത്തിന് 1,000 രൂപ മുതലാണ് ഇതിലെ നിരക്ക്.

പഠനാവശ്യത്തിനോ ബിസിനസ് ആവശ്യങ്ങൾക്കോ യാത്ര ചെയ്യുന്നവർക്കും ഒറ്റയ്ക്ക് സഞ്ചരിക്കുന്നവർക്കും പോഡ് ഹോട്ടലുകൾ അനുഗ്രഹമാവും. മുംബൈ സെൻട്രലിലെ പോഡ് ഹോട്ടലിന്റെ നടത്തിപ്പ് ഒമ്പതുവർഷത്തേക്കാണ് അർബൻ പോഡിന് നൽകിയിട്ടുള്ളത്. ഇതിന്റെ സ്വീകാര്യത വിലയിരുത്തിയാവും മറ്റിടങ്ങളിൽ സമാന സൗകര്യങ്ങളൊരുക്കുക.