ന്യൂഡൽഹി: ഇറാനിൽനിന്ന് അസംസ്‍കൃത എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കുകയോ നിർത്തുകയോ ചെയ്യുന്നതിനെതിരേ ആ രാജ്യത്തിന്റെ മുന്നറിയിപ്പ്. എണ്ണയിറക്കുമതിയിൽ മറ്റു രാജ്യങ്ങളെ ആശ്രയിക്കുകയാണെങ്കിൽ ഇന്ത്യക്കു നൽകിവരുന്ന പ്രത്യേകാനുകൂല്യങ്ങൾ അവസാനിപ്പിക്കുമെന്ന് ഇന്ത്യയിലെ ഇറാൻ ഉപസ്ഥാനപതി മസൂദ് റെസ്‌വാനിയൻ റഹാഗി പറഞ്ഞു. ചാബഹാർ തുറമുഖത്തിനായി ഇന്ത്യ നടത്തിയ നിക്ഷേപവാഗ്ദാനങ്ങൾ ഇതുവരെ പാലിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഇറാനിൽനിന്നുള്ള എണ്ണയിറക്കുമതി കുറയ്ക്കണമെന്ന് ട്രംപ് ഭരണകൂടം ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. അമേരിക്കയുടെ സമ്മർദത്തിനു ഇന്ത്യ വഴങ്ങുമെന്ന സൂചനകൾക്കിടെയാണ് ഇറാൻ നിലപാടു വ്യക്തമാക്കിയത്. പാർലമെന്റ് സമുച്ചയത്തിൽ ഓൾ ഇന്ത്യ മൈനോറിറ്റീസ് ഫ്രണ്ട് ചൊവ്വാഴ്ച നടത്തിയ ചടങ്ങിലായിരുന്നു ഇറാൻ ഉപസ്ഥാനപതിയുടെ മുന്നറിയിപ്പ്.

“പല തന്ത്രപ്രധാന വിഷയങ്ങളിലും സാധ്യമായപ്പോഴൊക്കെ ഇറാൻ ഇന്ത്യയെ സഹായിച്ചിട്ടേയുള്ളൂ. യു.എസ്. ഉപരോധം നിലവിലുണ്ടായിരുന്ന 2012-15 കാലയളവിൽ ഇന്ത്യക്ക് എണ്ണയിറക്കുമതി ഉറപ്പുവരുത്താൻ ഇറാൻ പരമാവധി ശ്രമിച്ചു. ഇറാനിൽനിന്നുള്ള എണ്ണയിറക്കുമതി അവസാനിപ്പിച്ച് സൗദി അറേബ്യ, റഷ്യ, ഇറാഖ്, യു.എസ്. തുടങ്ങിയ രാജ്യങ്ങളെ ആശ്രയിക്കാനാണ്‌ ശ്രമമെങ്കിൽ ഇറാൻ ഡോളർ അധിഷ്ഠിത ഇറക്കുമതിയിലേക്കു മാറും. അതടക്കം ഇന്ത്യയ്ക്കു നൽകിയിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും അവസാനിപ്പിക്കും”-അദ്ദേഹം വ്യക്തമാക്കി.

ചാബാഹർ തുറമുഖത്തു നിക്ഷേപം നടത്താനുള്ള ഇന്ത്യയുടെ വാഗ്ദാനം പൂർത്തീകരിച്ചില്ലെന്നും ഇക്കാര്യത്തിൽ ഇന്ത്യ അടിയന്തരനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയ്ക്ക് ഇറാനും അഫ്ഗാനിസ്താനുമായുള്ള വ്യാപാര-സൈനികബന്ധങ്ങളിൽ തന്ത്രപ്രധാനമായ തുറമുഖമാണ് ചാബാഹർ.