ബെംഗളൂരു: കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന് മരണാനന്തര ബഹുമതിയായി അന്താരാഷ്ട്ര പുരസ്‌കാരം.

ലണ്ടന്‍ ആസ്ഥാനമായുള്ള 'റീച്ച് ഓള്‍ വിമന്‍ ഇന്‍ വാര്‍' ഏര്‍പ്പെടുത്തിയ അന്ന പൊളികോവ്‌സ്‌കയ അവാര്‍ഡിനാണ് അര്‍ഹയായത്. യുദ്ധ, സംഘര്‍ഷമേഖലകളില്‍ മനുഷ്യാവകാശ സംരക്ഷണത്തിനായി പേരാടുന്ന വനിതകള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. പാകിസ്താനില്‍ തീവ്രവാദത്തിനെതിരെ പോരാട്ടം നടത്തുന്ന ഗുലാലെ ഇസ്മയിലും ഗൗരിക്കൊപ്പം ബഹുമതിക്ക് അര്‍ഹയായി.

ലോകത്ത് ഈ പുരസ്‌കാരം ലഭിക്കുന്ന 12-ാം വനിതയാണ് ഗൗരി ലങ്കേഷ്. ഭീഷണി വകവെയ്ക്കാതെ മനുഷ്യാവകാശത്തിനും സമാധാനത്തിനുംവേണ്ടി അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് പുരസ്‌കാരം. 'ഗൗരി ലങ്കേഷ് തീവ്രഹിന്ദു നിലപാടുകളെ ശക്തമായി എതിര്‍ത്തിരുന്നു. വനിതകളുടെ അവകാശങ്ങള്‍ക്കു വേണ്ടിയും ദളിതരുടെ അവകാശങ്ങള്‍ക്കുവേണ്ടിയും പേരാടി. ജാതിവ്യവസ്ഥയെ ശക്തമായി എതിര്‍ത്തു' - പുരസ്‌കാരസമിതി വിലയിരുത്തി.

ഈ ബഹുമതി അനീതിക്കെതിരെ പേരാടുന്നവര്‍ക്ക് ശക്തി പകരുമെന്ന് സഹോദരി കവിത ലങ്കേഷ് പറഞ്ഞു. നീതിക്കും മതേതരത്വത്തിനുംവേണ്ടി നിലകോള്ളുന്നവര്‍ക്കുള്ള ബഹുമതി കൂടിയാണിതെന്നും അവര്‍ പറഞ്ഞു.

മോസ്‌കോയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക അന്ന പൊളികോവ്‌സ്‌കയയുടെ സ്മരണാര്‍ഥമാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഗൗരി ലങ്കേഷിന്റെ വധത്തിന് സമാനമായ രീതിയിലാണ് അന്നയും വധിക്കപ്പെടുന്നത്. 2006 ഒക്ടോബര്‍ ഏഴിന് മോസ്‌കോയിലെ അപ്പാര്‍ട്ട്‌മെന്റിലെത്തിയ അക്രമി സംഘം വെടിവെച്ചുകൊല്ലുകയായിരുന്നു. അഴിമതിക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ അന്ന സ്വീകരിച്ച നിലപാടാണ് അവരുടെ വധത്തില്‍ കലാശിച്ചത്.