ന്യൂഡൽഹി: രാജ്യത്ത് പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണവും പ്രതിദിന മരണവും കുറയുന്നതായി കേന്ദ്രസർക്കാർ. ഇത് രണ്ടാം തരംഗത്തിന്റെ തീവ്രത കുറയുന്നതിന്റെ ആദ്യ സൂചനയാണെന്നും സർക്കാർ ചൊവ്വാഴ്ച അറിയിച്ചു. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം തുടർച്ചയായി കുറയുന്നുണ്ട്. അതേസമയം, കർണാടക, കേരളം, തമിഴ്‌നാട്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം ഉയരുകയാണെന്നും കേന്ദ്രം വ്യക്തമാക്കി.

രാജ്യത്ത് ചൊവ്വാഴ്ച 3,29,942 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 37,15,221 ആയി. 24 മണിക്കൂറിനിടെ 3876 പേർ മരിച്ചു. ആകെ മരണം 2,49,992 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 3,56,082 പേർക്ക് രോഗം ഭേദമായി.

ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. ഇതുവരെ രാജ്യത്താകെ 17,27,10,066 ഡോസ് വാക്സിൻ നൽകി.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തെലങ്കാനയിൽ മേയ് 12 മുതൽ 10 ദിവസത്തേക്ക് ലോക്ഡൗൺ ഏർപ്പെടുത്തി. ദേശീയ അടച്ചിടൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രാജ്യത്തിന്റെ 98 ശതമാനം പ്രദേശത്തും ഇപ്പോൾ കർശനമായ നിയന്ത്രണങ്ങൾ നിലവിലുണ്ട്.

content highlights: intensity of covid second wave is decreasing says union government