ബെംഗളൂരു: കന്നഡ എഴുത്തുകാരനും പുരോഗമനവാദിയുമായ പ്രൊഫ. കെ.എസ്. ഭഗവാനുനേരെ മഷിയൊഴിച്ച് പ്രതിഷേധം. ബെംഗളൂരുവിലെ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ്‌ കോടതിവളപ്പിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. ഹിന്ദുമതത്തെ അപമാനിച്ചെന്നാരോപിച്ച് ബെംഗളൂരുവിലെ അഭിഭാഷകയായ മീരാ രാഘവേന്ദ്രയാണ് അദ്ദേഹത്തിന്റെ മുഖത്തേക്ക് കറുത്തമഷി ഒഴിച്ചത്.

ഒരുകേസിൽ ജാമ്യത്തിനായി കോടതിയിലെത്തിയതായിരുന്നു ഭഗവാൻ. ജാമ്യം ലഭിച്ചശേഷം കോടതിയിൽനിന്ന്‌ പുറത്തേക്കുവരുമ്പോൾ അഭിഭാഷക മുഖത്തേക്ക് മഷിയൊഴിക്കുകയായിരുന്നു. ഹിന്ദുമതത്തെ അപമാനിച്ച ഭഗവാൻ ഇത് അർഹിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. മഷിയൊഴിക്കുന്നതിന്റെ ദൃശ്യം മീരാ രാഘവേന്ദ്ര സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ജയ് ശ്രീരാം എന്ന ഹാഷ് ടാഗോടെയാണ് ട്വിറ്ററിൽ വീഡിയോ പോസ്റ്റുചെയ്തത്. ഭഗവാൻ ഹലസൂരു പോലീസിൽ പരാതിനൽകി.

ഭഗവാനുനേരെ ഹിന്ദുത്വ അനുകൂല സംഘടനകൾ പലതവണ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. രാമായണത്തെയും മഹാഭാരതത്തെയും ആസ്പദമാക്കി ഭഗവാൻ നടത്തിയ പ്രസ്താവനകളും എഴുതിയ പുസ്തകങ്ങളുമാണ് പ്രകോപനമുണ്ടാക്കിയത്. അദ്ദേഹം എഴുതിയ രാമ മന്ദിര യാകെ ബേഡ (രാമക്ഷേത്രം എന്തുകൊണ്ടു വേണ്ടാ) എന്ന പുസ്തകം വലിയ പ്രതിഷേധമുണ്ടാക്കി. ഈ പുസ്തകം, കർണാടകത്തിലെ പൊതുഗ്രന്ഥശാലകളിൽ വാങ്ങുന്നതിന് തയ്യാറാക്കിയ പുസ്തകങ്ങളുടെ പട്ടികയിൽനിന്ന്‌ ഒഴിവാക്കിയിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് 2019-ൽ മൈസൂരു പോലീസ് അദ്ദേഹത്തിന്റെ പേരിൽ കേസെടുത്തിരുന്നു.

കന്നഡ പത്രപ്രവർത്തകയും പുരോഗമനവാദിയുമായ ഗൗരി ലങ്കേഷ് വധിക്കപ്പെട്ടതിനുശേഷം ഭഗവാന് പോലീസ് സംരക്ഷണം നൽകിയിരുന്നു. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവർ ഭഗവാനെയും ലക്ഷ്യമിട്ടിട്ടുണ്ടെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു ഇത്.

content highlights: ink thrown at writer ks bhagawan