ന്യൂഡൽഹി: അനധികൃതമായി പ്രവേശിച്ചതിന് മെക്സിക്കോ നാടുകടത്തിയ 311 ഇന്ത്യക്കാർ വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തി. ജോലിയും മെച്ചപ്പെട്ട ജീവിതവും തേടി അമേരിക്കയിലേക്കു കടക്കുന്നതിനായാണ് ഇവർ അയൽരാജ്യമായ മെക്സിക്കോയിലെത്തിയത്.

ബുധനാഴ്ചയാണ് ടെലൂക്ക സിറ്റി അന്താരാഷ്ട്രവിമാനത്താവളത്തിൽനിന്ന് ചാർട്ടേഡ് വിമാനത്തിൽ ഇവരെ തിരിച്ചയച്ചത്. 74 മെക്സിക്കൻ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. മെക്സിക്കോയിൽ താമസിക്കുന്നതിനാവശ്യമായ രേഖകളില്ലാത്തതിനാലാണ് നാടുകടത്തുന്നതെന്ന് നാഷണൽ മൈഗ്രേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (ഐ.എൻ.എം.) പ്രസ്താവനയിൽ അറിയിച്ചു.

മെക്സിക്കോ അതിർത്തിവഴി അമേരിക്കയിലേക്കു കടക്കുന്ന അനധികൃത കുടിയേറ്റക്കാരെ തടയണമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അന്ത്യശാസനം നൽകിയിരുന്നു. തുടർന്നാണ് അസാധാരണനടപടി. നടപടിയെടുത്തില്ലെങ്കിൽ മെക്സിക്കോയിൽനിന്ന് ഇറക്കുമതിചെയ്യുന്ന എല്ലാ ഉത്പന്നങ്ങളുടെയും തീരുവ ഉയർത്തുമെന്ന് ജൂണിൽ ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് രാജ്യാതിർത്തിയിലെ സുരക്ഷ മെക്സിക്കോ കൂട്ടി.

സ്ത്രീയുൾപ്പെടെയുള്ള ഇന്ത്യൻ കുടിയേറ്റക്കാരെ കുടിയേറ്റകാര്യങ്ങൾ നോക്കുന്ന ഉദ്യോഗസ്ഥർക്കും നാഷണൽ ഗാർഡ് അംഗങ്ങൾക്കുമൊപ്പം വെരാക്രൂസിലെ അകായുകാൻ കുടിയേറ്റ കേന്ദ്രത്തിലെത്തിച്ചു. തുടർന്ന് തിരിച്ചറിയൽ രേഖകൾ പരിശോധിച്ചാണ് നാടുകടത്തിയതെന്ന് ഐ.എൻ.എം. പ്രസ്താവനയിൽ പറഞ്ഞു.