ന്യൂഡല്‍ഹി: സ്ത്രീകളെ താമസിപ്പിക്കുന്ന രാജ്യത്തെ എല്ലാ ആശ്രമങ്ങളിലും മതകേന്ദ്രങ്ങളിലും കൃത്യമായി പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മിഷന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. തന്റെ ആശ്രമത്തിലെ അന്തേവാസികളായ സ്ത്രീകളെ ബലാത്സംഗം ചെയ്തതിന് ദേരാ സച്ചാ സൗദാ നേതാവ് ഗുര്‍മീത് റാം റഹിം സിങ്ങിനെ കുറ്റക്കാരനായി കണ്ടെത്തിയതോടെയാണിത്. ഡല്‍ഹി വനിതാകമ്മിഷന്‍ അധ്യക്ഷ സ്വാതി മാലിവാലാണ് കത്തയച്ചത്.

പ്രധാനനിര്‍ദേശങ്ങള്‍

*സ്ത്രീകളെ താമസിപ്പിക്കുന്ന എല്ലാ ആശ്രമങ്ങളും ജില്ലാ ഭരണകൂടത്തിനുകീഴില്‍ രജിസ്റ്റര്‍ ചെയ്യണം. ലംഘിച്ചാല്‍ ശക്തമായ നടപടിയെടുക്കണം.

*ശക്തമായ മാര്‍ഗനിര്‍ദേശങ്ങളും നിയമങ്ങളും ഉണ്ടാകണം.

*പ്രായമുള്ളവര്‍ക്കുവേണ്ടിയും കുട്ടികള്‍ക്കുവേണ്ടിയും കേന്ദ്രങ്ങള്‍ മാറ്റുമ്പോള്‍, അവ കോടതികള്‍, കമ്മിഷനുകള്‍, ക്ഷേമസമിതികള്‍, സര്‍ക്കാര്‍ എന്നിവയുടെ നിയന്ത്രണത്തിലാക്കണം.

*ആശ്രമങ്ങളില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് ഓരോമാസവും നല്‍കണം.

*പ്രായപൂര്‍ത്തിയാകാത്തവരുടെ പ്രവേശനം ശിശുക്ഷേമസമിതി(സി.ഡബ്ലു.സി.)യുടെ നിയന്ത്രണത്തിലാകണം.

*പ്രായപൂര്‍ത്തിയാകാത്തവര്‍ അവരുടെ സമ്മതപ്രകാരമാണോ എത്തിയതെന്നറിയാന്‍ സി.ഡബ്ലു.സി. അഭിമുഖവും കൗണ്‍സലിങ്ങും നടത്തണം.

*ആശ്രമങ്ങളിലും മതകേന്ദ്രങ്ങളിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ഹെല്‍പ്പ്!ലൈന്‍ നമ്പറുകള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കണം.

*ആശ്രമങ്ങളുടെയും മതകേന്ദ്രങ്ങളുടെയും അക്കൗണ്ടുകളുടെയും മറ്റ് വസ്തുക്കളുടെയും ഓഡിറ്റിങ് സര്‍ക്കാര്‍ നടത്തി പരസ്യപ്പെടുത്തണം.