ചെന്നൈ: അടുത്ത സാമ്പത്തികവർഷത്തിൽ രാജ്യത്തെ മൂന്ന് കോച്ച് ഫാക്ടറികളിൽനിന്നായി 7551 കോച്ചുകൾ നിർമിക്കാൻ ലക്ഷ്യമിട്ട് റെയിൽവേ. ഇതിൽ 5489 എണ്ണം എൽ.എച്ച്.ബി. കോച്ചുകളാണ്. 2022-23 സാമ്പത്തികവർഷത്തിൽ പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐ.സി.എഫ്.)യിൽനിന്ന് 2371-ഉം കപൂർത്തല കോച്ച് ഫാക്ടറി (ആർ.സി.എഫ്.)യിൽനിന്ന് 1459-ഉം റായ്ബറേലി മോഡേൺ കോച്ച് ഫാക്ടറിയിൽനിന്ന് 1659-ഉം എൽ.എച്ച്.ബി. കോച്ചുകളുമാണ് നിർമിക്കുക. എക്സ്പ്രസ് തീവണ്ടികളിലെ പാർസൽ വാനുകളും ഇനിമുതൽ എൽ.എച്ച്.ബി. കോച്ചുകളായിരിക്കും. 44 വന്ദേഭാരത് തീവണ്ടികൾക്കായി 672 കോച്ചുകൾ, സബർബൻ വണ്ടികൾക്കായി 609 കോച്ചുകൾ, മെമു തീവണ്ടികൾക്ക് 426 കോച്ചുകൾ, കൊൽക്കത്ത മെട്രോയ്ക്ക് 104 കോച്ചുകൾ എന്നിവയും നിർമാണലക്ഷ്യത്തിലുൾപ്പെടും.

നടപ്പ് സാമ്പത്തികവർഷത്തിൽ 6255 എൽ.എച്ച്.ബി. കോച്ചുകൾ ഉൾപ്പെടെ 8253 കോച്ചുകൾ നിർമിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാൽ, കോവിഡ് പ്രതിസന്ധി കാരണം ലക്ഷ്യം കൈവരിക്കാൻ കഴിയുമോയെന്ന സംശയം നിലനിൽക്കുകയാണ്. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ പെരമ്പൂർ ഐ.സി.എഫ്. വർക്ക്ഷോപ്പുകളിൽ കരാർജീവനക്കാർ ജോലിയിൽ പ്രവേശിപ്പിക്കുന്നതിൽ നിബന്ധനകൾ വച്ചിരുന്നു. ഇപ്പോൾ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെന്ന് ഐ.സി.എഫ്. വൃത്തങ്ങൾ പറഞ്ഞു.

44 വന്ദേഭാരത് തീവണ്ടികൾ

44 വന്ദേഭാരത് തീവണ്ടികൾ അടുത്ത സാമ്പത്തിക വർഷത്തിൽ നിർമിക്കാൻ ബുധനാഴ്ച ഡൽഹിയിൽ ചേർന്ന റെയിൽവേ മന്ത്രാലയത്തിന്റെ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും വേഗത്തിലോടുന്ന വണ്ടികളിൽപ്പെട്ടതാണിവ. 200 കിലോമീറ്റർവരെ വേഗത്തിലോടാവുന്ന ഇത്തരത്തിലുള്ള രണ്ട് തീവണ്ടികൾ ന്യൂഡൽഹി-വാരണാസി, ന്യൂഡൽഹി-കട്ടര എന്നീ റൂട്ടുകളിൽ സർവീസ് നടത്തുന്നുണ്ട്. ഇപ്പോൾ 180 കിലോമീറ്റർവരെ വേഗത്തിൽ തീവണ്ടി സർവീസ് നടത്തുന്നുണ്ട്.

പ്രത്യേക എൻജിനില്ലെന്നതാണ് ഇത്തരം തീവണ്ടിയുടെ പ്രത്യേകത. 16 കോച്ചുകളാണുണ്ടാവുക. തീവണ്ടിയുടെ അടി ഭാഗത്ത് ഘടിപ്പിച്ച മോട്ടോറുകളാണ് തീവണ്ടിയെ മുന്നോട്ടു തള്ളുന്നത്. ഒന്നിടവിട്ട കോച്ചുകൾക്കടിയിൽ 250 കിലോവാട്ട് ശേഷിയുള്ള നാല് മോട്ടോറുകളുണ്ടാകും. ശീതികരണ സംവിധാനമുൾപ്പെടെ എല്ലാ ഉപയോഗങ്ങൾക്കുമുള്ള ഊർജവും ഇതിൽനിന്നുതന്നെ ലഭിക്കും. ആദ്യ വന്ദേഭാരത് തീവണ്ടി പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് നിർമിച്ചത്.

Content Highlight: Indian Railway to manufacture 7551 coaches next financial year