ന്യൂഡൽഹി: റെയിൽവേയുടെ നൂറോളം റൂട്ടുകൾ പാട്ടത്തിനുനൽകാനൊരുങ്ങി കേന്ദ്രസർക്കാർ. 150 പാസഞ്ചർ തീവണ്ടികൾ ഓടിക്കുന്നതിനാണ് റൂട്ടുകൾ സ്വകാര്യസ്ഥാപനങ്ങൾക്ക് പാട്ടത്തിനുനൽകുന്നത്. ഇതുവഴി 22,500 കോടിരൂപയുടെ നിക്ഷേപമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. അടുത്തയാഴ്ച നടക്കുന്ന പൊതു-സ്വകാര്യ പങ്കാളിത്ത മൂല്യനിർണയസമിതിയുടെ (പി.പി.പി.എ.സി.) യോഗത്തിൽ ഈനിർദേശം പരിഗണിക്കും.
പാസഞ്ചർ തീവണ്ടികളുടെ നടത്തിപ്പിൽ സ്വകാര്യനിക്ഷേപം കൊണ്ടുവരുന്നതിനെക്കുറിച്ച് നീതി ആയോഗ് സി.ഇ.ഒ. അമിതാഭ് കാന്തിന്റെ അധ്യക്ഷതയിലുള്ള സെക്രട്ടറിമാരുടെ ഉന്നതാധികാരസമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേ മന്ത്രാലയത്തിന്റെ നീക്കം.
റെയിൽവേ റൂട്ട് പാട്ടത്തിനെടുക്കുന്നതിനുള്ള നിരക്കിനുപുറമേ മൊത്തവരുമാനത്തിന്റെ ഒരുവിഹിതവും സ്വകാര്യഓപ്പറേറ്റർമാർ നൽകണം. കൂടുതൽ വിഹിതം വാഗ്ദാനംചെയ്യുന്നവർക്ക് റൂട്ടുകൾ നൽകും. കുറഞ്ഞത് 450 കോടി രൂപ ആസ്തിയോ റെയിൽവേയുടെ അടിസ്ഥാനവികസനപദ്ധതികളിൽ അഞ്ചുവർഷമായി 2700 കോടിരൂപയെങ്കിലും നിക്ഷേപമോ ഉള്ള കമ്പനികളിൽനിന്ന് ടെൻഡർ സ്വീകരിക്കാനാണ് ആലോചന.
35 വർഷത്തേക്കായിരിക്കും പാട്ടം. ഒരുസ്ഥാപനത്തിന് പരമാവധി 30 തീവണ്ടികൾവരെ അനുവദിക്കും. ഓരോ തീവണ്ടിയിലും അന്താരാഷ്ട്രനിലവാരമുള്ള 16 ബോഗികളെങ്കിലും ഉണ്ടായിരിക്കണം.
ചരക്ക് ഇടനാഴി 2021-ൽ യാഥാർഥ്യമാകുന്നതോടെ റെയിൽവേ റൂട്ടുകളിലെ തിരക്കുകുറയും. ഈ അവസരം പ്രയോജനപ്പെടുത്തി സ്വകാര്യ ഓപ്പറേറ്റർമാർക്ക് അത്യാധുനിക അതിവേഗതീവണ്ടികളുടെ സർവീസ് നടത്താനാകുമെന്ന് റെയിൽവേ പ്രതീക്ഷിക്കുന്നു.
അതേസമയം, റൂട്ടുകൾ അനുവദിക്കുന്നതിന് സ്വകാര്യ ഓപ്പറേറ്റർമാരിൽനിന്ന് ഈടാക്കേണ്ട നിരക്കുസംബന്ധിച്ച് ധാരണയിലെത്താൻ ഉന്നതോദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ലെന്ന് റെയിൽവേയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു. സ്വകാര്യ ഓപ്പറേറ്റർമാരെ ആകർഷിക്കാൻ കുറഞ്ഞനിരക്ക് ഈടാക്കിയാൽമതിയെന്ന് ഒരുവിഭാഗം ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, അത് റെയിൽവേയുടെ സാമ്പത്തികസ്ഥിതിയെ ബാധിക്കുമെന്നാണ് മറുഭാഗത്തിന്റെ വാദം.
Content Highlights: Indian Railway lease