ന്യൂഡല്‍ഹി: ലക്ഷ്യത്തിനായി പോരാടുമ്പോൾ, ഗാന്ധിജി മനുഷ്യവംശത്തിനുനൽകിയ അഹിംസയെന്ന മഹത്തായ സമ്മാനത്തെ മറന്നുപോകരുതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 71-ാം റിപ്പബ്ലിക്ദിനത്തോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

“ഒരു സംഗതി ശരിയാണോ തെറ്റാണോ എന്ന് നിശ്ചയിക്കാൻ കഴിവുള്ളതാണ് ഗാന്ധിജിയുടെ ഈ രക്ഷാകവചം. ജനാധിപത്യത്തിന്റെ പ്രവർത്തനത്തിനും അത് ബാധകമാണ്. സർക്കാരിനും പ്രതിപക്ഷത്തിനും ഇതിൽ വലിയ പങ്കാണ് വഹിക്കാനുള്ളത്. തങ്ങളുടെ രാഷ്ട്രീയാദർശങ്ങളുമായി മുന്നോട്ടുപോകുമ്പോൾ രാജ്യത്തിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും ഉറപ്പാക്കാൻ ഇരുകൂട്ടരും കൈകോർക്കണം” -രാഷ്ട്രപതി പറഞ്ഞു.

പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധത്തിന്റെയും വിവിധ കലാലയങ്ങളിൽനടന്ന സംഭവങ്ങളുടെയും പശ്ചാത്തലത്തിൽ അക്കാര്യങ്ങൾ പേരെടുത്തുപറയാതെയായിരുന്നു രാഷ്ട്രപതിയുടെ ഓർമപ്പെടുത്തൽ. സാമൂഹികവും സാമ്പത്തികവുമായ ലക്ഷ്യം കൈവരിക്കാൻ ഭരണഘടനാമാർഗങ്ങളിൽ മുറുകെപ്പിടിക്കണമെന്നും എങ്കിൽമാത്രമേ ജനാധിപത്യം നിലനിൽക്കൂവെന്നും അംബേദ്കർ പറഞ്ഞത് രാഷ്ട്രപതി അനുസ്മരിച്ചു.

‘‘രാഷ്ട്രനിർമാണത്തിലും സാമൂഹിക, സന്നദ്ധ മേഖലകളിലും ഒട്ടേറെപ്പേർ നിസ്വാർഥരായി സേവനമനുഷ്ഠിക്കുന്നുണ്ട്്്. അവരിൽ ചിലരുമായി സംവദിക്കാൻ ഈയിടെ അവസരം ലഭിച്ചിരുന്നു. കായംകുളത്തെ കണ്ടല്ലൂരിൽ സ്വാഭാവികവനം വളർത്തിയെടുത്ത ദേവകിയമ്മ, ജമ്മുകശ്മീരിൽ നുംദ കരകൗശലം വികസിപ്പിച്ച ആരിഫാ ജാൻ, തെലങ്കാനയിൽ തലാസീമിയ രോഗികളെ പരിചരിക്കുന്ന രത്നവല്ലി കോട്ടപ്പള്ളി എന്നിവർ അവരിൽ ചിലർമാത്രം’’ -രാഷ്ട്രപതി പറഞ്ഞു.

Content Highlights: indian president's republic day message