ന്യൂഡൽഹി: രാജ്യത്ത് കോവിഡിനെതിരേ മുൻനിരയിൽ പോരാടുന്ന ആരോഗ്യപ്രവർത്തകരും പോലീസുമുൾപ്പെടെയുള്ളവർക്ക് സേനാവിഭാഗങ്ങളുടെ ആദരം.

ദേശീയതലത്തിൽ സൈനികവിമാനങ്ങളും ഹെലികോപ്റ്ററുകളും ആകാശപ്പരേഡ് നടത്തി. യുദ്ധക്കപ്പലുകൾ ലൈറ്റുകൾ തെളിയിച്ചു. കോവിഡ് ചികിത്സാ ആശുപത്രികൾക്ക് മുകളിൽ സൈനികകോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തി. ബാന്റ് വാദ്യവുമായി കരസേനയും എത്തി.

ആദരിക്കൽ ചടങ്ങുകൾ ഞായറാഴ്ച രാവിലെ മുതൽ രാത്രി വരെ നീണ്ടുനിന്നു. ജാഗ്വാർ, സുഖോയ്-30, മിഗ്-29, സി-130 ഹെർക്കുലീസുമുൾപ്പെടെയുള്ള വിമാനങ്ങൾ ആകാശപ്പരേഡിൽ പങ്കെടുത്തു.

വ്യോമസേനയുടെ നേതൃത്വത്തിൽ ശ്രീനഗർ മുതൽ തിരുവനന്തപുരം വരെയും അസമിലെ ഡിബ്രുഗഢ് മുതൽ ഗുജറാത്തിലെ കച്ച് വരെയും പരേഡ് വിമാനങ്ങൾ ആകാശത്തുനിരന്നു. മുംബൈ, ജയ്‌പുർ, ഗുവാഹാട്ടി, പട്ന, ലഖ്നൗ, ശ്രീനഗർ, ചണ്ഡീഗഢ്, ഭോപാൽ, ഹൈദരാബാദ്, ബെംഗളൂരു, കോയമ്പത്തൂർ, തിരുവനന്തപുരം തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ ആകാശപ്പരേഡ് നടന്നു. ഡൽഹിയെ വിമാനങ്ങൾ വലംവെച്ചു. ദേശീയ പോലീസ് സ്മാരകത്തിൽ സൈനിക ഹെലികോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തി.

കിഴക്കൻ നാവിക കമാൻഡ്, പടിഞ്ഞാറൻ നാവിക കമാൻഡ് എന്നിവയുടെ നേതൃത്വത്തിലാണ് യുദ്ധക്കപ്പലുകൾ അണിനിരന്നത്. ഇതോടൊപ്പം തീരരക്ഷാസേനയുടെ കപ്പലുകളും കോവിഡ് പോരാളികളെ ആദരിച്ചു.

സംയുക്തസേനാ മേധാവി ജനറൽ ബിപിൻ റാവത്താണ് കോവിഡ് പോരാളികളെ സൈന്യം ആദരിക്കുന്ന വിവരം കര-നാവിക-വ്യോമസേനാ മേധാവികളുടെ സാന്നിധ്യത്തിൽ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനെ സ്വാഗതംചെയ്തു.

സൈന്യത്തെ പ്രശംസിച്ച് അമിത്ഷാ

കോവിഡിനെതിരേ പോരാട്ടംനടത്തുന്നവരെ ആദരിച്ച സൈന്യത്തിന് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രശംസ. "കോവിഡിന്റെ പിടിയിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ രാവുംപകലും കഷ്ടപ്പെടുന്ന ഡോക്ടർമാർ, പോലീസ്, അർധസൈനികവിഭാഗങ്ങൾ, മറ്റു യോദ്ധാക്കൾ എന്നിവരെ ആദരിക്കാനായി ഇന്ത്യയുടെ സായുധസേന നടത്തിയ പ്രവർത്തനങ്ങൾ ഹൃദയത്തെ തൊടുന്നു. കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ ഈ യോദ്ധാക്കൾ കാട്ടുന്ന ധൈര്യം ആദരവുളവാക്കുന്നു’’- അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

Content Highlights: indian navy salute covid warriors