മുംബൈ: കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വളർച്ചാ അനുമാനം താഴ്‌ത്തി ലോകബാങ്ക്. 2021-’22 സാമ്പത്തികവർഷത്തെ വളർച്ച നേരത്തേ അനുമാനിച്ചിരുന്ന 10.1 ശതമാനത്തിൽനിന്ന് 8.3 ശതമാനത്തിലേക്കാണ് താഴ്‌ത്തിയത്. അതേസമയം, ജനുവരിയിലെ 5.4 ശതമാനത്തിൽനിന്ന് മൂന്നുശതമാനം അധികമാണിത്. ലോകബാങ്കിന്റെ പുതിയ ആഗോള സാമ്പത്തിക പ്രതീക്ഷാ റിപ്പോർട്ടിൽ വളർച്ചയുടെ വേഗത്തിൽ ചൈനയ്ക്കുപിറകിൽ രണ്ടാമതായിരിക്കും ഇന്ത്യയെന്നും പറയുന്നു.

അടിസ്ഥാനസൗകര്യങ്ങൾ, ഗ്രാമീണവികസനം, ആരോഗ്യം എന്നീ മേഖലകളിൽ വലിയരീതിയിൽ പണം ചെലവിടാനുള്ള സർക്കാർ തീരുമാനവും പ്രതീക്ഷിച്ചതിലും വേഗത്തിൽ സേവനമേഖല കരകയറിവരുന്നതുമാണ് ഉയർന്ന വളർച്ചയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ജനുവരിക്കുശേഷം രാജ്യം ശക്തമായ തിരിച്ചുവരവിലായിരുന്നെങ്കിലും കോവിഡ് രണ്ടാം തരംഗം അപ്രതീക്ഷിത തിരിച്ചടിയേൽപ്പിച്ചു. ഇന്ത്യയിൽ സാമ്പത്തികസ്ഥാപനങ്ങളിലെ സ്ഥിതിവിശേഷം വെല്ലുവിളിയുയർത്തുന്നതാണ്. കോവിഡിനുമുമ്പുതന്നെ ബാങ്കുകളിലെ നിഷ്‌ക്രിയ ആസ്തി ഉയർന്നതോതിലായിരുന്നു. തൊഴിൽ, വരുമാനം എന്നിവയിൽ അനിശ്ചിതത്വം നിലനിൽക്കുന്നത് ഉപഭോഗത്തെയും ബാധിച്ചേക്കാം.

2020-’21 സാമ്പത്തികവർഷം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം (ജി.ഡി.പി.) 9.6 ശതമാനം ചുരുങ്ങുമെന്നാണ് ലോകബാങ്ക് കണക്കാക്കിയിരുന്നത്. ഇത് 7.3 ശതമാനമായി കുറച്ചിട്ടുണ്ട്. ചില പ്രധാന സമ്പദ് വ്യവസ്ഥകൾ ശക്തമായ വളർച്ചയുമായി തിരിച്ചുവരുന്ന സാഹചര്യത്തിൽ ആഗോള സാമ്പത്തികവളർച്ച 5.6 ശതമാനമായിരിക്കും. എന്നാൽ, അടുത്തവർഷം ആഗോളവളർച്ച 4.3 ശതമാനത്തിലേക്കും 2023-ൽ 3.1 ശതമാനത്തിലേക്കും കുറയുമെന്നും റിപ്പോർട്ടിൽ പറയുന്നു.