ന്യൂഡൽഹി: പാകിസ്താനിലെ ബാലാക്കോട്ടിൽ വ്യോമസേന ആക്രമണം നടത്തിയതിനു തുടർച്ചയായി കരയുദ്ധത്തിനു പൂർണസജ്ജമാണെന്ന് കരസേനാധിപൻ ജനറൽ ബിപിൻ റാവത്ത് സർക്കാരിനെ അറിയിച്ചെന്നു വെളിപ്പെടുത്തൽ. പാകിസ്താൻ കരയുദ്ധത്തിനു മുതിർന്നാൽ, അവരുടെ മണ്ണിൽക്കടന്നും യുദ്ധംചെയ്യാൻ സന്നദ്ധമാണെന്നാണെന്ന് അദ്ദേഹം അറിയിച്ചതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട് ചെയ്തു.

പാകിസ്താൻ ആസ്ഥാനമായുള്ള ഭീകരർ ജമ്മുകശ്മീരിലെ പുൽവാമയിൽ 40 സി.ആർ.പി.എഫ്. ജവാൻമാരുടെ ജീവനെടുത്തതിനു പകരം വീട്ടേണ്ടതെങ്ങനെയെന്ന് സർക്കാർ ആലോചിക്കുമ്പോഴായിരുന്നു ജനറൽ റാവത്തിന്റെ പ്രഖ്യാപനം. വിരമിച്ച കരസേനാ ഉദ്യോഗസ്ഥരുമായി റാവത്ത് തിങ്കളാഴ്ച നടത്തിയ രഹസ്യചർച്ചയിൽ പങ്കെടുത്തയാളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇക്കൊല്ലം ഫെബ്രുവരി 14-നാണ് ജയ്ഷെ മുഹമ്മദ് ഭീകരർ പുൽവാമയിൽ ഭീകരാക്രമണം നടത്തിയത്. ഫെബ്രുവരി 26-ന് ഇന്ത്യ ബാലാക്കോട്ടിൽ വ്യോമാക്രമണം നടത്തി. 2016 സെപ്റ്റംബറിലെ ഉറി ഭീകരാക്രണത്തിനുശേഷം 11,000 കോടി രൂപ വിലമതിക്കുന്ന പടക്കോപ്പുകൾ വാങ്ങാൻ കരസേന കരാറൊപ്പിട്ടു. ഇതിൽ 95 ശതമാനവും ലഭിച്ചു. 7,000 കോടി രൂപ മതിക്കുന്ന 33 കരാറുകളുടെ കാര്യത്തിൽ അന്തിമതീരുമാനമായിട്ടുണ്ട്. 9,000 കോടി രൂപയുടെ ആയുധങ്ങൾകൂടി വാങ്ങുന്നതിനുള്ള ചർച്ച അന്തിമഘട്ടത്തിലാണെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു.

Content Highlights: Indian army was ready for war with pakistan after Balakot air strikes