ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി ബാധിച്ചതോടെ വിദേശ രാജ്യങ്ങൾക്ക് സഹായം നൽകുന്നത് ഇന്ത്യ കുത്തനെ കുറച്ചു. ഈ വർഷം ജൂലായ് വരെ നൽകിയത് 626.99 കോടി രൂപ മാത്രം. കഴിഞ്ഞ സാമ്പത്തികവർഷം 1380.69 കോടിയും 2019-20 ൽ 1914.87 കോടിയും നൽകിയ സ്ഥാനത്താണിത്.

ഇതിനു പുറമേ, വായ്പാടിസ്ഥാനത്തിൽ ഈ വർഷം ഇതുവരെ നൽകിയത് 50 ദശലക്ഷം ഡോളറാണ്. മുൻവർഷങ്ങളിൽ ഇത്‌ യഥാക്രമം 2,227.10 ദശലക്ഷം ഡോളർ, 3397.27 ദശലക്ഷം ഡോളർ എന്നിങ്ങനെയായിരുന്നു. ലോക്‌താന്ത്രിക് ജനതാദൾ അംഗം എം.വി. ശ്രേയാംസ്‌കുമാറിന് രാജ്യസഭയിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രേഖാമൂലം നൽകിയ മറുപടിയിലാണ്‌ ഈ വിവരങ്ങളുള്ളത്.

ജപ്പാൻ, ജർമനി, ഫ്രാൻസ്, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നാണ് വായ്പാടിസ്ഥാനത്തിലുള്ള സഹായം ഇന്ത്യ സ്വീകരിച്ചത്. ജർമനിയും ഫ്രാൻസും 3.2 കോടിയും 13.61 കോടിയും സഹായധനമായും ഈ വർഷം അനുവദിച്ചു. മുൻ വർഷങ്ങളിലും ഈ രാജ്യങ്ങൾ സഹായധനം കൈമാറിയിരുന്നു. അഫ്ഗാനിസ്താൻ (96.61 കോടി), മ്യാൻമർ (139.21 കോടി), നേപ്പാൾ (123.09 കോടി), മാലദ്വീപ് (35.79 കോടി), മൗറീഷ്യസ് (191.84 കോടി), ബംഗ്ലാദേശ് (10.43 കോടി), താജിക്കിസ്താൻ (30.02 കോടി) എന്നിങ്ങയാണ് ഈ വർഷം ഇന്ത്യ സഹായധനം നൽകിയത്. നേരത്തേ സഹായം നൽകിയിരുന്ന ശ്രീലങ്കയ്ക്കും സീഷെൽസിനും ഈ വർഷം അനുവദിച്ചില്ല.