ന്യൂഡൽഹി: അന്താരാഷ്ട്ര യാത്രയിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സുഹൃദ്‌രാജ്യങ്ങളുമായി കോവിഡ് വാക്സിനിൽ ധാരണയിലെത്താൻ ഇന്ത്യ നടപടി തുടങ്ങി. വാക്‌സിനുകൾ പരസ്പരം അംഗീകരിക്കാനും യാത്രായിളവുകൾ അനുവദിക്കാനുമാണ് നീക്കം.

ഇന്ത്യക്കാർ കൂടുതലായി പോവുന്ന രാജ്യങ്ങളോട് വാക്‌സിൻ സർട്ടിഫിക്കേഷൻ പരസ്പരം അംഗീകരിക്കുന്ന കാര്യം ചർച്ചചെയ്തതായും ഒട്ടേറെ രാജ്യങ്ങൾ ഇക്കാര്യത്തിൽ സമ്മതം അറിയിച്ചതായും വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശൃംഗ്ല പറഞ്ഞു. ഇതുവഴി ദേശീയ വാക്‌സിൻ ശേഖരത്തിൽ പുതിയ വാക്‌സിനുകൾ എത്തുമെന്നും അംഗീകാരത്തിനായി വേറെയെവിടെയും പോകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കുറച്ചു രാജ്യങ്ങളുമായി കരാറിലെത്തിക്കഴിഞ്ഞു. കൂടുതൽ രാജ്യങ്ങളുമായി ഉടൻ ധാരണയുണ്ടാക്കും.

കോവിഡ് കാരണമുണ്ടായിട്ടുള്ള സാമ്പത്തികാഘാതം പരിഹരിക്കാനുള്ള ജി-20 രാജ്യങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഇതു സഹായകരമാവുമെന്നാണ് പ്രതീക്ഷ. വാണിജ്യ-വിനോദസഞ്ചാര യാത്രികർക്കും മറുനാടുകളിൽ ജോലിചെയ്യുന്നവർക്കും നടപടികൾ ഗുണംചെയ്യും.