ന്യൂഡൽഹി: അമേരിക്കൻ വൈസ് പ്രസിഡന്റ്‌ കമലാ ഹാരിസും പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യാഴാഴ്ച ടെലിഫോണിൽ ചർച്ച നടത്തി. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്ക് കോവിഡ് വാക്സിൻ നൽകാനുള്ള ആഗോള വാക്‌സിൻ പങ്കാളിത്തപദ്ധതിയുടെ വിശദാംശങ്ങൾ കമല പ്രധാനമന്ത്രിയെ അറിയിച്ചു.

ഇന്ത്യക്ക് വാക്സിൻ നൽകാനുള്ള അമേരിക്കയുടെ തീരുമാനത്തിനും അമേരിക്കയുടെ വാണിജ്യവിഭാഗവും ഇന്ത്യൻസമൂഹവും നൽകിവരുന്ന വിവിധതരത്തിലുള്ള സഹായത്തിനും മോദി നന്ദിപറഞ്ഞു.

വാക്‌സിൻ നിർമാണം ഉൾപ്പടെ കോവിഡ് പ്രതിരോധരംഗത്ത് ആരോഗ്യ സപ്ലൈ ശൃംഖല ശക്തിപ്പെടുത്താനുള്ള ഇരുരാജ്യങ്ങളുടെയും സഹകരണവും കോവിഡ് വ്യാപനം നേരിടുന്നതിലെ സാധ്യതകളും വിലയിരുത്തി.

കോവിഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അവസാനിച്ചശേഷം കമലയുടെ ഇന്ത്യാസന്ദർശനത്തിന്റെ സാധ്യതകളും ചർച്ചചെയ്തു.