ന്യൂഡൽഹി: മുൻസർക്കാരുകൾ തൊടാൻ മടിച്ച രാജ്യത്തെ നികുതിസമ്പ്രദായം ഇപ്പോഴത്തെ സർക്കാർ കൂടുതൽ പൗരകേന്ദ്രീകൃതമാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബുധനാഴ്ച ടൈംസ് നൗ ഉച്ചകോടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നികുതിയടയ്ക്കാൻ ബാക്കിയുള്ളവർ രാജ്യത്തിന്റെ വികസനത്തിനായി ഉടൻ അത് അടച്ചുതീർക്കണം. ചിലർ എപ്പോഴും നികുതിവെട്ടിക്കാൻ വഴികൾ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. അതിന്റെ ബാധ്യത മുഴുവൻ സത്യസന്ധമായി നികുതിയടയ്ക്കുന്നവരുടെ തലയിലാവുകയും ചെയ്യുന്നു.
വിശ്വസിക്കാൻ ബുദ്ധിമുട്ടാണെങ്കിലും ഒരുകോടി വാർഷികവരുമാനമുണ്ടെന്ന് വെളിപ്പെടുത്തിയവർ രാജ്യത്ത് 2200 പേർ മാത്രമാണെന്നതാണു ശരി. ഇനി ഇന്ത്യ നേരം കളയില്ല, ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകും. അഞ്ചുലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയെന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ കേന്ദ്രബജറ്റ് സഹായിക്കുമെന്നും മോദി പറഞ്ഞു.
Content Highlights: India will go ahead with confidence: Modi