ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ തന്ത്രപ്രധാനമായ 73 റോഡുകള്‍ നിര്‍മിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പാര്‍ലമെന്റില്‍ പറഞ്ഞു.

ഇതില്‍ 46 എണ്ണം നിര്‍മിക്കുന്നത് പ്രതിരോധമന്ത്രാലയവും 27 എണ്ണം ആഭ്യന്തരമന്ത്രാലയവുമാണെന്നും മന്ത്രി പറഞ്ഞു. മുപ്പത് റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. 2012-13 ഓടെ പൂര്‍ത്തിയാക്കേണ്ടിയിരുന്ന റോഡുകളാണിവ.

റോഡ് നിര്‍മിക്കേണ്ട സ്ഥലങ്ങളുടെ ഉയരക്കൂടുതല്‍, ദുര്‍ഘടമായ പ്രദേശങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍, ഭൂമിയേറ്റെടുക്കല്‍ വൈകുക, വനഭൂമി സംബന്ധിച്ച പ്രശ്‌നങ്ങള്‍ എന്നിവയാണ് നിര്‍മാണം വൈകാനുള്ള പ്രധാനകാരണം.

പദ്ധതി വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും ഇതിനായി ഉന്നതതല സമിതി രൂപവത്കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.