ന്യൂഡല്‍ഹി: തങ്ങളുടെ സൈനികരെയും ജനങ്ങളെയും ഇന്ത്യന്‍ സൈന്യം ലക്ഷ്യമിടുന്നെന്ന ആരോപണത്തിന് മറുപടിയുമായി ഇന്ത്യ. പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായാല്‍ ഇനിയും തിരിച്ചടിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി.

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറ്റം നടത്താന്‍ ഭീകരര്‍ക്ക് പാകിസ്താന്‍ നല്‍കുന്ന സഹായമാണ് നിയന്ത്രണരേഖയില്‍ ഇന്ത്യ വെടിയുതിര്‍ക്കുന്നതിന്റെ കാരണമെന്നും എന്നാല്‍, പ്രദേശവാസികളെ ലക്ഷ്യമിടില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡി.ജി.എം.ഒ.) ലെഫ്. ജനറല്‍ എ.കെ. ഭട്ടും പാകിസ്താന്‍ ഡി.ജി.എം.ഒ. മേജര്‍ ജനറല്‍ സഹീര്‍ ഷംഷാദ് മിര്‍സയും തമ്മില്‍ തിങ്കളാഴ്ച നടത്തിയ ഹോട്ട്!ലൈന്‍ ആശയവിനിമയത്തിലൂടെയാണ് ഇക്കാര്യത്തില്‍ ചര്‍ച്ചനടന്നത്.

നിയന്ത്രണരേഖയില്‍ ഇന്ത്യ നടത്തുന്ന തിരിച്ചടികള്‍ തുടരുമെന്നും നുഴഞ്ഞുകയറ്റക്കാര്‍ക്ക് സഹായം നല്‍കുന്ന പാക് നടപടി അംഗീകരിക്കാനാവില്ലെന്നും ഇന്ത്യ നിലപാട് അറിയിച്ചു. ഇന്ത്യ പ്രകോപനമില്ലാതെ നിയന്ത്രണരേഖയില്‍ വെടിയുതിര്‍ക്കുകയാണെന്നാണ് മിര്‍സ ആരോപിച്ചത്. ഇതിന് മറുപടിയായാണ് പാകിസ്താന്‍ ഭീകരര്‍ക്ക് സഹായം നല്‍കുന്നുവെന്നും ഭീകരരെ സഹായിക്കുന്ന വിവരശേഖരണം നടത്താന്‍ പ്രദേശവാസികളെ ഉപയോഗിക്കുന്നുവെന്നും ഭട്ട് പറഞ്ഞത്.

ഇന്ത്യന്‍ പോസ്റ്റുകള്‍ ലക്ഷ്യംവെച്ച് അത്യാധുനിക ആയുധങ്ങളുമായെത്തുന്ന ഭീകരരെയാണ് നുഴഞ്ഞുകയറാന്‍ പാകിസ്താന്‍ സഹായിക്കുന്നത്. ഈ സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ സമാധാനം ഉറപ്പുവരുത്താന്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ തുടരും. മിര്‍സയാണ് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ ഭട്ടിനെ ക്ഷണിച്ചത്.