ന്യൂഡൽഹി: ബദാം, വാൽനട്ട്, ആപ്പിൾ എന്നിവയുൾപ്പെടെ യു.എസിൽനിന്നുള്ള 29 ഉത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ അടുത്തയാഴ്ചയോടെ ഉയർത്താൻ ഇന്ത്യയൊരുങ്ങുന്നു. വ്യാപാരരംഗത്ത് ഇന്ത്യയ്ക്കു നൽകിവന്ന പ്രത്യേക പരിഗണന (ജി.എസ്.പി.) ഈ മാസം അഞ്ചിന് യു.എസ്. എടുത്തുകളഞ്ഞതിനു പിന്നാലെയാണ് ഈ നീക്കം.
ഇന്ത്യയിൽനിന്നുള്ള ഉരുക്കിനും അലുമിനിയത്തിനും യു.എസ്. ഇറക്കുമതിത്തീരുവ കൂട്ടിയതിനുപിന്നാലെ 2018 ജൂണിലാണ് യു.എസ്. ഉത്പന്നങ്ങളുടെ തീരുവ 120 ശതമാനംവരെ ഉയർത്താൻ ഇന്ത്യ തീരുമാനിച്ചത്. വ്യാപാരരംഗത്തെ പ്രശ്നം പരിഹരിക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകളിലേർപ്പെട്ടതോടെ തീരുമാനം നടപ്പാക്കുന്നത് ഇന്ത്യ നീട്ടിവെക്കുകയായിരുന്നു.
തീരുവ ഉയർത്താനുള്ള ഇന്ത്യയുടെ നീക്കം ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യു.ടി.ഒ.) ചട്ടത്തിനു നിരക്കുന്നതല്ലെന്ന് യു.എസ്. മുന്നറിയിപ്പു നൽകിയിട്ടുണ്ട്. തീരുമാനം നിയമവിധേയമാണെന്നും യു.എസ്. ഉത്പന്നങ്ങൾക്കുമേലുള്ള തീരുവ ഉയർത്തുന്നത് 22 കോടി ഡോളറിന്റെ (ഏകദേശം 1500 കോടി രൂപ) വ്യത്യാസമേ ഉണ്ടാക്കൂവെന്നും ബന്ധപ്പെട്ടകേന്ദ്രങ്ങൾ പറഞ്ഞു. വാണിജ്യമന്ത്രാലയം ഇതിനോടു പ്രതികരിച്ചിട്ടില്ല.
2018-ൽ ഇരുരാജ്യങ്ങളും തമ്മിൽ 14,210 കോടി ഡോളറിന്റെ വാണിജ്യമാണു നടന്നത്. ജി.എസ്.പി. പദ്ധതിപ്രകാരം ഏകദേശം 560 കോടി ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താവായിരുന്നു ഇന്ത്യ.
ഈ മാസം ഇന്ത്യ സന്ദർശിക്കുന്ന യു.എസ്. വിദേശകാര്യസെക്രട്ടറി മൈക്ക് പോംപിയോ ജി.എസ്.പി. ഉൾപ്പെടെയുള്ള വ്യാപാരവിഷയങ്ങളിൽ ഇന്ത്യയുമായി ചർച്ചയ്ക്കു തയ്യാറാണെന്നു പറഞ്ഞിട്ടുണ്ട്. ഈമാസം അവസാനം ജപ്പാനിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ നടക്കുന്ന ട്രംപ്-മോദി കൂടിക്കാഴ്ചയ്ക്കു മുന്നോടിയായാണ് പോംപിയോയുടെ സന്ദർശനമെന്നാണു കരുതുന്നത്.
Content highlights: India - US, Trade