ന്യൂഡൽഹി: ഉഭയകക്ഷിബന്ധം ശക്തമാക്കി തന്ത്രപ്രധാനമായ പ്രതിരോധക്കരാറിൽ ഇന്ത്യയും യു.എസും ഒപ്പിട്ടു. ഡൽഹിയിൽ വ്യാഴാഴ്ച നടന്ന പ്രഥമ ടു പ്ലസ് ടു ചർച്ചയിലാണ് കോംകാസ (കമ്യൂണിക്കേഷൻസ് കംപാറ്റിബിലിറ്റി ആൻഡ് സെക്യൂരിറ്റി എഗ്രിമെന്റ്) എന്നറിയപ്പെടുന്ന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. യു.എസിൽനിന്ന് വാങ്ങുന്ന പ്രതിരോധ ഉപകരണങ്ങളുടെ സാങ്കേതിക വിദ്യകൂടി ഇന്ത്യയ്ക്ക് ലഭിക്കുമെന്നതാണ് കരാറിന്റെ സവിശേഷത.
ചരിത്രപരം എന്നാണ് ചർച്ചയെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വിശേഷിപ്പിച്ചത്. സുപ്രധാനനീക്കമെന്നായിരുന്നു പോംപിയോ പറഞ്ഞത്.
ഇന്ത്യയ്ക്കുവേണ്ടി സുഷമയും പ്രതിരോധമന്ത്രി നിർമലാ സീതാരാമനും യു.എസിനുവേണ്ടി വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസും ചർച്ചയിൽ പങ്കെടുത്തു. തുടർന്ന് ഇവർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു.
ശക്തമായ കയറ്റുമതി നിയന്ത്രണ നയങ്ങൾ കാരണമാണ് ഇന്ത്യയ്ക്ക് പ്രതിരോധ വ്യാപാരക്കരാറിൽ നാറ്റോ രാജ്യങ്ങൾക്കുതുല്യമായ പദവി (എസ്.ടി.എ.-1) ലഭിച്ചതെന്നും ചർച്ചയ്ക്കുശേഷം നടന്ന വാർത്താസമ്മേളനത്തിൽ സുഷമ പറഞ്ഞു.
സുപ്രധാന തീരുമാനങ്ങൾ
* അന്താരാഷ്ട്ര ആണവവിതരണ സംഘത്തിൽ (എൻ.എസ്.ജി.) ഇന്ത്യയെ അംഗമാക്കാൻ ഇരുരാജ്യങ്ങളും സംയുക്തമായി പ്രവർത്തിക്കും.
* ഇന്തോ-പസഫിക് മേഖലയിലെ സ്ഥിരത നിലനിർത്തുന്നതിനായി പ്രവർത്തിക്കും. മേഖലയിൽ സാമ്പത്തിക ഇടപാടുകൾ വികസിപ്പിക്കാനുള്ള യു.എസ്. നീക്കത്തെ ഇന്ത്യ സ്വാഗതംചെയ്തു.
* മറ്റു രാജ്യങ്ങൾക്കെതിരായ ഭീകരാക്രമണങ്ങൾക്ക് തങ്ങളുടെ മണ്ണ് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ പാകിസ്താനോട് ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു.
* അഫ്ഗാനിസ്താനിലെ സമാധാനപ്രവർത്തനങ്ങൾക്ക് ഇരുരാജ്യങ്ങളും പിന്തുണയറിയിച്ചു.
* ഇന്ത്യൻ മഹാസമുദ്രത്തിൽ ഇരുരാജ്യങ്ങളുടെയും നാവികസേനകൾ തമ്മിൽ സഹകരിച്ചു പ്രവർത്തിക്കും.
* ഇന്ത്യ-യു.എസ്. പ്രതിരോധ സെക്രട്ടറിമാർ തമ്മിൽ ഹോട്ട്‌ലൈൻ ബന്ധം സ്ഥാപിക്കും.
* ഇന്ത്യയുടെ കിഴക്കൻ തീരമേഖലയിൽ ഇരുരാജ്യങ്ങളുടെയും സേനകൾ സംയുക്താഭ്യാസം നടത്തും.
കോംകാസ ഇങ്ങനെ
അതിരഹസ്യമായ സൈനികവിവരങ്ങൾ കൈമാറേണ്ടിവരുമോയെന്ന ഇന്ത്യയുടെ ആശങ്ക കാരണമാണ് കരാർ ഇത്ര വൈകിയത്. നിലവിൽ ഇന്ത്യ വാങ്ങുന്ന ഉപകരണങ്ങളുടെ സാങ്കേതികവിദ്യ രാജ്യത്തിന് ലഭ്യമല്ലായിരുന്നു. കരാറോടെ ഇന്ത്യയുടെ പക്കലുള്ള ഹെലികോപ്റ്ററുകളിലും വിമാനങ്ങളിലും ഉന്നതനിലവാരത്തിലുള്ള ആശയവിനിമയ ഉപകരണങ്ങൾ ഇന്ത്യയ്ക്ക് ഘടിപ്പിക്കാനാകും. റഷ്യയിൽനിന്ന് ആയുധങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്കെതിരേ യു.എസ്. ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധത്തിൽനിന്ന് ഇന്ത്യയ്ക്ക് ഇളവുലഭിക്കാനും ഇതോടെ സാധ്യതയേറി.
മാത്രമല്ല, നിരീക്ഷണഡ്രോണുകൾ അടക്കമുള്ള അത്യാധുനിക ഉപകരണങ്ങളും ഇന്ത്യയ്ക്ക് ലഭിക്കും. ചൈന നിരന്തരം കടന്നുകയറ്റം നടത്തുന്ന ഇന്ത്യൻ മഹാസമുദ്രം നിരീക്ഷിക്കാൻ ഇന്ത്യ ഏറെക്കാലമായി ഡ്രോണുകൾ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, ഇന്ത്യയുടെ സി.-130, സി.-17 വിമാനങ്ങളടക്കമുള്ളവയുടെ കരുത്തുവർധിക്കും.