ന്യൂഡൽഹി: അന്താരാഷ്ട്രസമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ ഓഗസ്റ്റ് മാസത്തെ അധ്യക്ഷപദം ഇന്ത്യ ഞായറാഴ്ച ഏറ്റെടുത്തു. തിങ്കളാഴ്ചമുതൽ ഇന്ത്യയുടെ അധ്യക്ഷതയിലാകും രക്ഷാസമതിയുടെ നടപടിക്രമങ്ങൾ. മുമ്പ് ഒമ്പതുതവണ ഇന്ത്യ ഈ പദവി വഹിച്ചിട്ടുണ്ട്. 15 അംഗ രക്ഷാസമിതിയിലെ താത്കാലിക അംഗങ്ങളിൽ ഒന്നാണ് ഇന്ത്യ.

സമുദ്രസുരക്ഷ, സമാധാനപാലനം, ഭീകരവിരുദ്ധ പ്രവർത്തനം എന്നീ വിഷയങ്ങളിൽ ഇന്ത്യ ഉന്നതതലയോഗങ്ങൾ നടത്തുമെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരംപ്രതിനിധി ടി.എസ്. തിരുമൂർത്തി പറഞ്ഞു.

മറ്റംഗങ്ങളുമായിച്ചേർന്ന് ക്രിയാത്മകമായി ഇന്ത്യ പ്രവർത്തിക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ പറഞ്ഞു. അധ്യക്ഷപദവി ഏറ്റെടുത്ത ഞായറാഴ്ച ഇന്ത്യക്ക് മഹത്തായ ദിനമാണെന്ന് വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി അഭിപ്രായപ്പെട്ടു.

യു.എൻ. രക്ഷാസമിതിയിൽ 1950 (ജൂൺ), 1967 (സെപ്റ്റംബർ), 1972 (ഡിസംബർ), 1977 (ഒക്ടോബർ), 1985 (ഫെബ്രുവരി), 1991 (ഒക്ടോബർ), 1992 (ഡിസംബർ), 2011 (ഓഗസ്റ്റ്), 2012 (നവംബർ) എന്നീ വർഷങ്ങളിലാണ് ഇന്ത്യ മുമ്പ് അധ്യക്ഷപദവിയിൽ ഇരുന്നിട്ടുള്ളത്.

ജൂലായ് മാസം ഈ പദവി വഹിച്ചത് ഫ്രാൻസ് ആയിരുന്നു. ഇന്ത്യക്ക് പദവി കൈമാറിയതിൽ സന്തോഷമുണ്ട് ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി ഇമ്മാനുവൽ ലെനൈൻ പറഞ്ഞു.

ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ മോദി

യു.എൻ. രക്ഷാസമിതിയിൽ ഇന്ത്യ അധ്യക്ഷപദം വഹിക്കുന്ന ഈ മാസത്തെ യോഗങ്ങളിലൊന്നിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കും. ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി രക്ഷാസമതി യോഗത്തിന്റെ അധ്യക്ഷനാകുന്നത്. ഒമ്പതാം തീയതിയിലെ യോഗമാകും മോദിയുടെ അധ്യക്ഷതയിൽ നടക്കുകയെന്ന് ഇന്ത്യയുടെ മുൻ യു.എൻ. സ്ഥാനപതി സെയ്ദ് അക്ബറുദ്ദീൻ പറഞ്ഞു.

യു.എൻ. രക്ഷാസമതി

15 അംഗ രക്ഷാസമിതിയിൽ അഞ്ചു സ്ഥിരാംഗങ്ങളും 10 താത്കാലിക അംഗങ്ങളും. യു.എസ്., ചൈന, ഫ്രാൻസ്, റഷ്യ, ബ്രിട്ടൻ എന്നിവയാണ് സ്ഥിരാംഗങ്ങൾ. താത്കാലിക അംഗങ്ങളെ രണ്ടുവർഷം കൂടുമ്പോൾ യു.എൻ. പൊതുസഭ തിരഞ്ഞെടുക്കും. ഇന്ത്യ, എസ്തോണിയ, അയർലൻഡ്, കെനിയ, മെക്സിക്കോ, നൈജർ, നോർവേ, ടുണീഷ്യ, വിയറ്റ്നാം, സെയ്ന്റ് വിൻസെന്റ് ആൻഡ് ദ ഗ്രെനാഡീൻസ് എന്നിവയാണ് ഇപ്പോഴത്തെ താത്കാലിക അംഗങ്ങൾ.

Content Highlights: india to take over as the president of un security council